വായുവിലൂടെ നിപ്പാ വൈറസ് പകരില്ല
കോഴിക്കോട്- നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച പേരാമ്പ്രയിലെ സഹോദരങ്ങളുടെ വീട്ടിലെ കിണറില്‍ വവ്വാലുകളെ കണ്ടെത്തി. വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തിലൂടെ ആകാമെന്നാണ് നിഗമനം. വൈറസ് ബാധയുടെ ഉറവിടം ഈ കിണറാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. പേരാമ്പ്ര ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറിലാണ് വവ്വാലുകളെ കണ്ടെത്തിയത്. വവ്വാലുകള്‍ പുറത്തു പോകാതിരിക്കാന്‍ കിണര്‍ മൂടിയിരിക്കുകയാണ്. മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ കഴിഞ്ഞദിവസം വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഇവരെ ശുശ്രൂഷിച്ച നഴ്‌സ് ലിനി പുതുശ്ശേരിയും ഇന്നു പുലര്‍ച്ചെ മരിച്ചതോടെ ആശങ്ക പടര്‍ന്നിരിക്കുകയാണ്. ഇതുവരെ 16 പേരാണ് വൈറല്‍ പനിയെ തുടര്‍ന്ന് മരിച്ചത്.
അതേസമയം ജനങ്ങല്‍ ഭയചകിതരാകേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. രോഗബാധ തടയുന്നതിന് നപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രണ്ടു പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററും ഒരുക്കിയിട്ടുണ്ട്. രോഗം വായുവിലൂടെ പകരില്ലെന്നും മന്ത്രി അറിയിച്ചു. രോഗികളുമായി അടുത്തിടപഴകുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ മരുന്നുകള്‍ ലഭ്യമായിടത്തു നിന്നെല്ലാം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി കര്‍മ്മസേനയക്കു രൂപം നല്‍കിയിട്ടുണ്ട്.