Sorry, you need to enable JavaScript to visit this website.

അഞ്ജുശ്രീയുടെ മരണം: സ്വകാര്യ ആശുപത്രിക്ക്  വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

കാസര്‍കോട്-ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ട് തവണ ചികിത്സ തേടി എത്തിയെങ്കിലും ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം 31ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കി പറഞ്ഞുവിട്ടു. എന്നാല്‍ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ അടുത്ത ദിവസം അതേ ആശുപത്രിയിലെത്തി. ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടും ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ഇതിനുശേഷമാണ് അഞ്ജുശ്രീയെ മംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അവിടെ വച്ചാണ് പെണ്‍കുട്ടി മരണപ്പെട്ടത്.
കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്കയക്കും. പരിശോധനാ ഫലം ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ അഞ്ജുശ്രീയുടെ ശരീരത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷയം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest News