ജിദ്ദ- കേരളം നിപ്പാ വൈറസ് ഭീതിയിലായിരിക്കെ യാത്രാവിലക്ക് വരുമെന്ന ഭീതിയിലായി ഗള്‍ഫ്. മാരക പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നുമുള്ളവര്‍ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലടക്കം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്രാവിലക്ക് ഏര്‍പ്പെടുത്താറുണ്ട്.
ഈ അനുഭവം മുന്നില്‍വെച്ചാണ് നിപ്പാ വൈറസ് പശ്ചാത്തലത്തിലും യാത്ര വിലക്കിനുള്ള സാധ്യത പ്രതീക്ഷിക്കുന്നത്. നേരത്തെ ഇതുപോലുള്ള പകര്‍ച്ച വ്യാധികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ വിദേശത്തെ എയര്‍പോര്‍ട്ടുകളില്‍ വന്‍ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്തിയിരുന്നു.
നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കെ, ജാഗ്രത പുലര്‍ത്താന്‍ ലോകാരോഗ്യ സംഘടനയടക്കം അടിയന്തിര മുന്‍കരുതുലുകള്‍ക്ക് ഉടന്‍ നിര്‍ദേശം പുറപ്പെടുവിക്കാം. നിപ്പാ വൈറസ് സ്ഥരീകരിച്ച കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി.
യാത്രാവിലക്കിന് സാധ്യതയെന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചുതുടങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നു ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നുമില്ല.
കുറഞ്ഞ ദിവസങ്ങള്‍ മാത്രം വിസാ കാലാവധിയുള്ളവര്‍ നാട്ടില്‍നിന്ന് നേരത്തെ മടങ്ങുന്നതാകും ഉചതമെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ നല്‍കുന്ന നിര്‍ദേശം.