ചിന്ത ജെറോമിന്റെ ശമ്പള വിവാദം അനാവശ്യമെന്ന് കെ.കെ. ശൈലജ, എല്ലാം നിയമപരം

തിരുവനന്തപുരം- യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ. വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി ചിന്താ ജെറോമിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഷൈലജ പറഞ്ഞു.

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തിയെന്നും ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കിയെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. അതേസമയം 2018 മുതല്‍ താന്‍ ഒരു ലക്ഷം രൂപ ശമ്പളമായി വാങ്ങുന്നുണ്ടെന്നും ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചുവെന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും വിവാദത്തില്‍ ചിന്താ ജെറോം വിശദീകരണം നല്‍കിയിരുന്നു.

 

Latest News