കൊല്ലം-നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മര്‍ദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഉടമ ഷാനുവുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പതിമൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.