അബുദാബി- മലയാളി വ്യവസായി എംഎ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇത്തവണ ജീവനക്കാര്‍ക്ക് പ്രത്യേക ബോണസായി നല്‍കുന്നത് 32 ദശലക്ഷം യുഎഇ ദിര്‍ഹം. ഏകദേശം 60 കോടി രൂപയോളം രൂപ.
യുഎഇക്കു പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 40,000ലേറെ ജീവനക്കാര്‍ക്കാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ദാന വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രത്യേക ബോണസ് വിതരണം ചെയ്യുന്നതെന്ന് യുസുഫലി പറഞ്ഞു.
യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദാന വര്‍ഷാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ലുലു.
ലുലു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 41,893 ജീവനക്കാര്‍ക്ക് റമദാനില്‍ തന്നെ ബോണസ് നല്‍കുമെന്നും അടുത്തയാഴ്ച വിതരണം ആരംഭിക്കുമെന്നും ലുലു വൃത്തങ്ങള്‍ അറിയിച്ചു. ഇതു സാധാരണ ബോണസ് അല്ല. ജീവനക്കാരുടെ സീനിയോറിറ്റി, രാജ്യം, സേവന കാലം തുടങ്ങിയവ ഒന്നും പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യമായി നല്‍കുന്ന നിശ്ചിത തുകയായിരിക്കും പ്രത്യേക ബോണസെന്നു കമ്പനി അറിയിച്ചു.
മനുഷ്യസ്നേഹത്തിന്റേയും ഉദാരതയുടേയും മികച്ച മാതൃകയായ ശൈഖ് സായിദിന്റെ ജീവിത സന്ദേശം പ്രചരിപ്പിക്കാന്‍ റമദാനിനേക്കാള്‍ മികച്ച മാസമില്ലെന്നും ഈ സന്ദേശ പ്രചാരണത്തില്‍ പങ്കാളിയാകാനുള്ള എളിയ ശ്രമമാണിതെന്നും യുസുഫലി പറഞ്ഞു.