അബുദാബി- കൂടതല്‍ നിക്ഷേപകരേയും വിദഗ്ധരേയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് യുഎഇ വിസ ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഇതു പ്രകാരം നിക്ഷേപകര്‍ക്കും ഉന്നത പ്രൊഫഷണലുകള്‍ക്കും മികച്ച വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷത്തെ ദീര്‍ഘ കാല വിസ അനുവദിക്കും. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം പുതിയ സംവിധാനത്തിന് അംഗീകാരം നല്‍കി.
മികച്ച പ്രതിഭകളുടെ ആഗോള കേന്ദ്രമായും രാജ്യാന്തര നിക്ഷേപകരുടെ സ്ഥിരം ഇടമായും യുഎഇയെ നിലനര്‍ത്തുന്നതിനാണ് പുതിയ തീരുമാനം. യുഎഇയിലെ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ലഘൂകരിച്ച നിയമങ്ങളും മികവുറ്റ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ ദീര്‍ഘകാല വിസ നടപ്പിലാക്കാനും ഇതു സംബന്ധിച്ച വിശദ പഠനം നടത്തി ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാമ്പത്തികകാര്യ മന്ത്രാലയത്തോട് അദ്ദേഹം നിര്‍ദേശിച്ചു.
പുതിയ ദീര്‍ഘകാല റെസിഡന്‍സ് വിസ പദ്ധതി പ്രകാരം ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷണ സാങ്കേതിക മേഖലകളിലെ വിദഗ്ധര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കും വേറിട്ട മികവു പുലര്‍ത്തുന്ന യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷത്തെ വിസ ലഭിക്കും. യുഎഇയില്‍ പഠിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷ വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.