കോഴിക്കോട്- സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കോഴിക്കോട്ട് പെട്രോളിന് 79.63 രൂപയും ഡീസലിന് 72.25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 79.29 ഉം ഡീസലിന് 71.95 രൂപയുമാണ് വില. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനുശേഷം തുടര്‍ച്ചയായി എട്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്.
എല്ലാ ദിവസവും വിലനിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വര്‍ധന. വില ഇനിയും കുതിച്ചു കയറുമെന്നാണ് സൂചന. കര്‍ണാടക വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 19 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.
നാലാഴ്ചയായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധന എണ്ണക്കമ്പനികള്‍ ഉപഭോക്താക്കളുടെ ചുമലിലേക്കു കൂടി ഇട്ടിരിക്കുകയാണ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ധന വില വര്‍ധനയുടെ പ്രധാന കാരണമാണ്. നേരത്തെ വര്‍ധിപ്പിച്ച നികുതികള്‍ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകത്തതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി.