Sorry, you need to enable JavaScript to visit this website.

മുജാഹിദുകൾ മതേതരവിരുദ്ധരുടെ ചട്ടുകം- സമസ്ത

കോഴിക്കോട് - മുജാഹിദുകൾ മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സമസ്ത. അടുത്ത ഞായറാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനം വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. 
സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടികൾക്ക് അന്തിമരൂപം നൽകിക്കഴിഞ്ഞു.
 രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകൾക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിർമ്മാണം, പൗരത്വ നിയമം, കശ്മീർ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗർ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ല.

മുസ്‌ലിം ലോകം ആധികാരികമായി കണക്കാക്കുന്ന ഇമാം ബുഖാരിയുടെ ഹദീസ് പോലും നിഷേധിക്കുന്ന നില വരെ സമ്മേളനത്തിലുണ്ടായി. മുജാഹിദ് വിഭാഗത്തിൽ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പുകൾക്കിടയിൽ ഇടക്കാലത്ത് ഒന്നിച്ചവർ ചേർന്ന് നടത്തിയ സമ്മേളനത്തിൽ അവർക്കിടയിലെ ആശയ വൈരുധ്യങ്ങൾ പ്രകടമായതും അവരെത്തിപ്പെട്ട ദയനീയാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്. ഇത്തരം സാഹചര്യത്തിൽ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരിൽ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മത വിശ്വാസികൾക്കെതിരായ ലിബറൽ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങൾ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചു കടത്തുന്നതും ഇസ് ലാമോ ഫോബിയ പ്രചാരണങ്ങളും സമ്മേളനത്തിൽ തുറന്ന് കാണിക്കും.

വൈകിട്ട് മൂന്ന് മണിക്ക് വരക്കൽ മഖാം സിയാറത്തോട് കൂടി പരിപാടികൾ ആരംഭിക്കും. 4.30 ന് കടപ്പുറം സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കും.സ്വാഗത സംഘം ജനറൽ കൺവീനർ എ. വി. അബ്ദുറഹിമാൻ മുസ്ലിയാർ സ്വാഗതം പറയും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുള്ള മുസ്ലിയാർ മുഖ്യപ്രഭാഷണവും നടത്തും. പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, യു. എം. അബ്ദുറഹിമാൻ മുസ്ലിയാർ, എം. കെ. മൊയ്തീൻ കുട്ടി മുസ്ലിയാർ, എം. കെ. കുഞ്ഞി മുഹമ്മദ് മുസ്ലിയാർ
കെ. ഉമർ ഫൈസി മുക്കം, എം.സി മായിൻ ഹാജി പ്രസംഗിക്കും. എം. പി. മുസ്തഫൽ ഫൈസി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ അശ്റഫി കക്കുപടി പ്രഭാഷണം നിർവ്വഹിക്കും.
 

Latest News