കോഴിക്കോട് - കൂപ്പിവള പൊട്ടി രക്തം ചിതറിത്തെറിച്ചിട്ടും പിഴക്കാത്ത ചുവടുകളുമായി മുന്നേറിയ ആമിന നിബയുടെ സംഘത്തിന് ഒപ്പനയിൽ എ ഗ്രേഡ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എച്ച്.എസ്.എസ് വിഭാഗം ഒപ്പന മത്സരത്തിനിടെ കുപ്പിവള പൊട്ടി കൈ മുറിഞ്ഞ വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ വേദന വകവെക്കാതെ മത്സരം പൂർത്തീകരിക്കുകയായിരുന്നു. പിന്നാലെ വേദിയിൽ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലും കാച്ചിമുണ്ടിലുമാകെ രക്തം പടർന്നിട്ടും തോറ്റുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ അവൾ താളം കണ്ടെത്തുകയായിരുന്നു. 'പെട്ടെന്ന് അവളെ കണ്ടപ്പോം കളിനിർത്തി സ്‌റ്റേജിൽനിന്ന് ഇറങ്ങിയാലോന്ന് തോന്നി. പക്ഷേ, അവളുടെ ആവേശം ചോരാത്ത ചുവടുകൾ ഞങ്ങളെയെല്ലാം തോൽപ്പിച്ചു. ആമിന തോൽക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങനെ മത്സരം പാതിവഴിയിൽ നിർത്തും. കാണികളുടെ നിറഞ്ഞ പ്രോത്സാഹനത്തിനിടെ വയനാട്ടിലേക്ക് ചുരം കയറാനിരിക്കുന്ന സഹതോഴിമാർ പറഞ്ഞു.
അപ്പീലുമായാണ് സംസ്ഥാന തലത്തിൽ മത്സരിക്കാനായി ഈ ഒപ്പനസംഘം ചുരമിറങ്ങി കോഴിക്കോട്ടെത്തിയത്. പരിശീലകരൊന്നുമില്ലാതെ സ്വന്തമായാണ് ഈ മൊഞ്ചത്തിമാർ മിന്നിച്ചത്.