കല്‍പറ്റ-താമരശേരി ചുരത്തില്‍ നിയമ വിദ്യാര്‍ഥിയെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ താമരശേരി പോലീസ് വധശ്രമത്തിനു കേസെടുത്തു. കല്‍പറ്റ മണിയങ്കോട് സാകേതില്‍ ദിനേശ്കുമാറിന്റെ മകന്‍ സച്ചിനാണ്(28) ആക്രമണത്തിനു ഇരയായത്. ചുരത്തിലെ ഏഴാം വളിനു സമീപം ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നു വരികയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കു ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ സച്ചിനെ ഇന്നു രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തിരുവനന്തപുരത്ത് നിയമ വിദ്യാര്‍ഥിയായ സച്ചിന്‍ അപകടനില തരണം ചെയ്തതായാണ് വിവരം. അക്രമികളെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.