കോഴിക്കോട് - സ്കൂൾ കലോത്സവത്തിലെ ഭക്ഷണ മെനു വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണത്തെച്ചൊല്ലിയുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ച അനാവശ്യമാണെന്നാണ് പഴയിടത്തിന്റെ പക്ഷം. സർക്കാർ നല്കിയ മെനു പ്രകാരമാണ് ഭക്ഷണം തയ്യാറാക്കുന്നത്.
സർക്കാർ ഒരു ജോലി ഏൽപ്പിച്ചു. അത് വൃത്തിയായി നിറവേറ്റുകയാണ് തന്റെ ദൗത്യം. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഏറ്റെടുത്തിട്ടുള്ളത്. അത് ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള കാര്യം. വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിൽ നടക്കുന്ന ജാതി ഉൾപ്പെടെയുള്ള ചർച്ചകളിൽ ഒന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. അതിൽ ഒരക്ഷരം പ്രതികരിക്കാനുമില്ല. ആരോപണങ്ങളിലും വിമർശങ്ങളിലും യാതൊരു വിഷമവുമില്ലെന്നും മാങ്ങയുള്ള മാവിലേ ആളുകൾ കല്ലെറിയൂ എന്നും പഴയിടം ഓർമിപ്പിച്ചു.