കുവൈത്ത് സിറ്റി - വടക്കുപടിഞ്ഞാറൻ കുവൈത്തിലെ അൽജഹ്റയിൽ പോലീസ് വാഹനം അഗ്നിക്കിരയാക്കിയ യുവാവിന് പൊള്ളലേറ്റു. അൽജഹ്റ പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട പോലീസ് വാഹനം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ യുവാവിന്റെ വസ്ത്രത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു.
ഉടൻ തന്നെ യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി പോലീസുകാരുടെ സഹായം തേടി.
പോലീസുകാർ യുവാവിന്റെ ദേഹത്തിലും പോലീസ് വാഹനത്തിലും പടർന്നുപിടിച്ച തീ അണച്ചു. പൊള്ളലേറ്റ യുവാവിനെ ശക്തമായ സുരക്ഷ കാവലിൽ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.
പോലീസ് വാഹനത്തിനു നേരെ കല്ലേറ് നടത്തുകയാണ് യുവാവ് ആദ്യം ചെയ്തത്. പിന്നീട് പെട്രോളൊഴിച്ച് വാഹനത്തിന് തീക്കൊളുത്തുകയായിരുന്നു.
സംഭവത്തിനു ദിവസങ്ങൾക്കു മുമ്പ് അജ്ഞാതൻ അൽജഹ്റ പോലീസ് സ്റ്റേഷനിൽ ഫോണിൽ ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ പൂർണമായും കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇതിനു രണ്ടു ദിവസത്തിനു ശേഷം പെട്രോൾ നിറച്ച ഏതാനും കുപ്പികൾ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സുരക്ഷ സൈനികർ കണ്ടെത്തി. ഇവ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.
പോലീസ് വാഹനം അഗ്നിക്കിരയാക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടർന്നുപിടിച്ച അതേ യുവാവ് തന്നെയാണ് പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽ പെട്ടയാളാണ് പ്രതി.
പോലീസ് വാഹനത്തിന് തീയിടാൻ യുവാവിനെ പ്രേരിപ്പിച്ച കാരണങ്ങൾ കണ്ടെത്താൻ അന്വേഷണങ്ങൾ തുടരുകയാണ്. ഒരുവിധ തിരിച്ചറിയൽ രേഖകളുമില്ലാത്ത യുവാവ് ഇറാഖ് വംശജനാണെന്ന് വിരലടയാള പരിശോധനയിൽ വ്യക്തമായതായി സുരക്ഷ വൃത്തങ്ങൾ പറഞ്ഞു.