പാലക്കാട് - യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പാർട്ടി നേതൃത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രതിരോധത്തിൽ. ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് രാത്രി മണ്ണാർക്കാട് കോടതിപ്പടിയിലെ വസ്ത്ര വ്യാപാര ശാലയിൽ വെച്ച് യൂത്ത് ലീഗ് നേതാവ് സഫീർ കൊല്ലപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും തുടർ നടപടികൾ അനിശ്ചിതമായി വൈകുന്നത് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടി നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് ലീഗ് പ്രവർത്തകർ മണ്ണാർക്കാട് എം.എൽ.എ കൂടിയായ ലീഗ് നേതാവ് അഡ്വ.എൻ. ഷംസുദ്ദീന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. പ്രതിഷേധ മാർച്ചിന് നേതൃത്വം കൊടുത്തവർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പാർട്ടി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ അത് എളുപ്പമാവില്ല. അച്ചടക്ക നടപടി എടുക്കുന്നതിനോട് എം.എൽ.എ തന്നെ വിയോജിപ്പ് അറിയിച്ചതായാണ് സൂചന.
മണ്ണാർക്കാട് നഗരത്തിൽ മുസ്ലീം ലിഗിന്റെ ശക്തികേന്ദ്രങ്ങളായ 2, 3 വാർഡുകളിൽ പെട്ടവരാണ് സഫീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രാത്രി മണ്ണാർക്കാട് കോടതിപ്പടിയിലുള്ള തുണിക്കടയിൽ അതിക്രമിച്ചു കയറിയ ആയുധധാരി സംഘം സഫീറിനെ വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടാം വാർഡ് കൗൺസിലർ സിറാജുദ്ദീന്റെ മകനാണ് കൊല്ലപ്പെട്ട യുവാവ്. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമാണോ എന്ന കാര്യത്തെച്ചൊല്ലി നിരവധി തർക്കം ഉണ്ടായെങ്കിലും കേസിലുൾപ്പെട്ട പ്രതികളെല്ലാം സി.പി.ഐയുമായി ബന്ധമുള്ളവരാണ്. അവരെല്ലാം അടുത്ത ദിവസങ്ങളിൽ തന്നെ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. അറസ്റ്റിലായവർ ജാമ്യത്തിലിറങ്ങി സ്വതന്ത്രരായി വിഹരിക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിൽക്കുന്നു എന്നതാണ് യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ പൊതുവെയും പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ സ്ഥലം എം.എൽ.എക്കെതിരേ വിശേഷിച്ചും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇക്കാര്യത്തിൽ താൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് എം.എൽ.എയുടെ വിശദീകരണം. പ്രതികളെ പിടിക്കേണ്ടത് പോലീസാണ്. അവർക്ക് ജാമ്യം നൽകുന്നത് കോടതിയും. ഇക്കാര്യങ്ങളിൽ ആവശ്യമായ സമ്മർദ്ദം ചെലുത്താനും നിയമ നടപടികൾ കൈക്കൊള്ളാനും മാത്രമേ സാധിക്കുകയുള്ളൂ. അത് ചെയ്യുന്നുമുണ്ട്. എന്നാൽ നീതി ലഭിക്കുന്നില്ലെന്ന തോന്നൽ സാധാരണ പ്രവർത്തകർക്കിടയിൽ ഉണ്ട്. ആ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്. ഇക്കാര്യത്തിൽ സർക്കാർ അക്രമികൾക്ക് സഹായകമായ സമീപനമാണ് കൈക്കൊള്ളുന്നത്. പ്രതിഷേധവുമായി തന്റെ വീട്ടിലെത്തിയത് വലിയ കുറ്റമായി കാണുന്നില്ല. അതിനുള്ള അധികാരം അവർക്കുണ്ട്- എൻ. ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
അതേസമയം വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രാദേശിക യൂത്ത് ലീഗ് നേതാക്കളുടെ തീരുമാനം. അച്ചടക്ക നടപടിക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് എം.എൽ.എയുടെ വീട്ടിലേക്കുള്ള മാർച്ചിന് നേതൃത്വം കൊടുത്ത നേതാക്കളിലൊരാൾ പറഞ്ഞു.