കൊല്ലം - രാവിലെ 10 മണി കഴിഞ്ഞിട്ടും പഞ്ചായത്ത് ഓഫീസില്‍ ഹാജരാകാത്ത ഉദ്യോഗസ്ഥരെ പഞ്ചായത്തംഗം തടഞ്ഞു. അഞ്ചല്‍ പഞ്ചായത്തിലാണ് സി.പി.എം നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ചന്ദ്രബാബു വേറിട്ട പ്രതിഷേധം നടത്തിയത്. പഞ്ചായത്ത് ഓഫീസിലെത്തുന്ന സാധാരണക്കാര്‍ക്ക് സേവനം നല്‍കാതെ തോന്നുംപോലെ ജോലിക്കുവരുന്നവരെ പിടികൂടാനായിരുന്നു ചന്ദ്രബാബുവിന്റെ പ്രതിഷേധം.
ചന്ദ്രബാബു രാവിലെ പത്തോടെ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇരിപ്പിടങ്ങളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓഫീസിലേക്കുളള പ്രവേശന കവാടം അടച്ച ചന്ദ്രബാബു, താമസിച്ചു വന്നവരെ പുറത്തുനിര്‍ത്തി. കൃത്യസമയത്ത് ഓഫീസില്‍ എത്താത്തവര്‍ അവധിയെടുക്കട്ടെ എന്നതായിരുന്നു ചന്ദ്രബാബുവിന്റെ നിലപാട്.
പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ പതിവായി ഓഫീസില്‍ യഥാസമയം എത്താറില്ലെന്ന് ചന്ദ്രബാബു പറഞ്ഞു. ജോലിക്ക് ഹാജരാകാത്തവരും ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്തും. ചിലര്‍ സംഘടനാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതാണ് രീതി, നിലവില്‍ 18 ജീവനക്കാരില്‍ 8 പേരാണ് സമയം പാലിക്കുന്നവര്‍. മറ്റുള്ളവര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നതായും ജനപ്രതിനിധികള്‍ പറയുന്നു.