- റയൽ രണ്ട് ഗോൾ ലീഡ് തുലച്ചു
മഡ്രീഡ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിന് മുന്നോടിയായുള്ള അവസാന മത്സരത്തിൽ റയൽ മഡ്രീഡ് രണ്ട് ഗോൾ ലീഡ് തുലച്ച് വിയ്യാറയലുമായി 2-2 സമനില വഴങ്ങി. സ്പാനിഷ് ലീഗിൽ റയലിന്റെ അവസാന മത്സരമായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള ഒരുക്കമെന്ന നിലയിൽ ഒന്നാം ടീമിനെയാണ് കോച്ച് സിനദിൻ സിദാൻ ഇറക്കിയത്. എന്നാൽ ഗോൾവലക്കു മുന്നിൽ തന്റെ ഇരുപതുകാരനായ രണ്ടാമത്തെ പുത്രൻ ലൂക്കക്ക് സിദാൻ അവസരം നൽകി. ആദ്യ ഗോൾ ലുക്കക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. എന്നാൽ ഗോളി മുന്നോട്ടുവന്ന ശേഷം അറച്ചുനിന്നതാണ് രണ്ടാം ഗോളിന് കാരണം. സമനിലയോടെ രണ്ടാം സ്ഥാനത്തെങ്കിലുമെത്താമെന്ന റയലിന്റെ പ്രതീക്ഷ അസ്തമിച്ചു. വിയ്യാറയൽ അഞ്ചാം സ്ഥാനത്തെത്തി.
ക്രിസ്റ്റ്യാനൊ റൊണാൾഡോയും ഗാരെത് ബെയ്‌ലുമാണ് റയലിന്റെ ഗോളുകളടിച്ചത്. എന്നാൽ അര മണിക്കൂർ ശേഷിക്കെ ക്രിസ്റ്റ്യാനോയെയും ഒപ്പം ലൂക്ക മോദ്‌റിച്ചിനെയും പിൻവലിച്ചതോടെ കളി മാറി. രണ്ട് പകരക്കാർ വിയ്യാറയലിന്റെ ഗോളടിച്ചു. റോജർ മാർടിനേസിന്റെ കിടിലൻ ഷോട്ടിലൂടെയാണ് വിയ്യാറയൽ തിരിച്ചുവന്നത്. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ സാമു കാസ്റ്റിലൊ സമനില ഗോൾ നേടി.
ലുക്കയുടെ അരങ്ങേറ്റത്തിൽ സന്തുഷ്ടനാണെന്ന് സിദാൻ പറഞ്ഞു. ലുക്കക്കും കോച്ചിനും ഇത് പ്രധാന ദിനമാണ്. പിതാവെന്ന നിലയിൽ എന്റെ അഭിപ്രായം വീട്ടിലാണ് പറയുക . ടീമിൽ മറ്റേത് കളിക്കാരനെയും പോലെയാണ് എനിക്ക് ലൂക്ക. അയാൾ നന്നായി കളിച്ചു -സിദാൻ പറഞ്ഞു.
1998 ൽ സിദാൻ ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുന്നതിന് ഒരു മാസം മുമ്പാണ് ലൂക്ക ജനിച്ചത്. 2004 ൽ സിദാൻ റയലിന് കളിക്കുമ്പോൾ അവരുടെ യൂത്ത് അക്കാദമിയിൽ ചേർന്നു. ഈ സീസണിലെ സീനിയർ ടീമിൽ ഇതുവരെ അവസരം കിട്ടാത്ത ഏക കളിക്കാരനായിരുന്നു ലൂക്ക. അവസരം കിട്ടുമെന്നും അത് പരമാവധി മുതലാക്കണമെന്നും പിതാവ് തലേന്ന് പറഞ്ഞിരുന്നതായി ലൂക്ക വെളിപ്പെടുത്തി. സിദാന്റെ മൂത്ത പുത്രൻ എൻസോ 2016 ൽ റയലിന്റെ മിഡ്ഫീൽഡിൽ കളിച്ചിരുന്നു. പിന്നീട് അലാവെസിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സർലന്റിലെ ലൊസേനിലേക്കും ചേക്കേറി. നാലു മക്കളാണ് സിദാന്. ലൂക്ക ഫ്രാൻസിന്റെ അണ്ടർ-20 ടീമംഗമാണ്. ലൂക്ക മുമ്പ് രണ്ട് സൗഹൃദ മത്സരങ്ങളിൽ റയൽ വലക്ക് മുന്നിലുണ്ടായിരുന്നു. അവസാന രണ്ട് മക്കളായ തിയോയും ഇലിയാസും റയൽ അക്കാദമി ട്രയ്‌നികളാണ്.
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഒരുക്കമെന്ന നിലയിൽ ആദ്യ മണിക്കൂറിൽ പിഴവറ്റ പ്രകടനമാണ് റയൽ കാഴ്ചവെച്ചത്. എന്നാൽ ക്രിസ്റ്റ്യാനോയെ തളച്ചാൽ ഈ ടീമിനെ തോൽപിക്കാമെന്ന പ്രതീതി സൃഷ്ടിച്ചാണ് കളി അവസാനിച്ചത്. ബാഴ്‌സലോണക്കെതിരായ കളിയിൽ പരിക്കേറ്റ് പിന്മാറിയ ശേഷമുള്ള ആദ്യ കളിയിൽ ക്രിസ്റ്റ്യാനൊ പ്രയാസമില്ലാതെ കളിച്ചു. അറുപത്തൊന്നാം മിനിറ്റിലാണ് മുപ്പത്തിമൂന്നുകാരനെ പിൻവലിച്ചത്. സെൽറ്റവീഗോക്കെതിരായ കഴിഞ്ഞ മത്സരത്തിലെന്ന പോലെ ബെയ്‌ലും മികച്ച ഫോമിലായിരുന്നു. എന്നാൽ ബെയ്‌ലിന്റെ ലീഗ് ഫോം മുമ്പും സിദാൻ ചാമ്പ്യൻസ് ലീഗിൽ പരിഗണിച്ചിരുന്നില്ല. പത്താം മിനിറ്റിൽ ബെയ്‌ലാണ് സ്‌കോറിംഗ് തുടങ്ങിയത്. ഇടവേളക്ക് അൽപം മുമ്പ് മാഴ്‌സെലൊ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനൊ ലീഡുയർത്തി.