തിരുവനന്തപുരം- സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നത് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതു സംബന്ധിച്ച പുതിയ ശുപാര്‍ശ നടപ്പാക്കുന്ന കാര്യം സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി പത്താം തീയതി നടത്തുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഓരോ തസ്തികയിലും ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനത്തില്‍ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് ഹൈക്കോടതി വിധി. ഇതനുസരിച്ച് ആശ്രിത നിയമനം നല്‍കുമ്പോള്‍ കാലതാമസം ഉണ്ടാകുകയും എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം ലഭിക്കുന്ന നിയമനം സ്വീകരിക്കാന്‍ സമ്മതമുള്ളവര്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നത്.
പുതിയ ക്രമീകരണപ്രകാരം ജോലി സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ കണ്‍സോളിഡേറ്റഡ് തുകയായി നല്‍കാനും ശുപാര്‍ശയുണ്ട്. ഈ വിഷയങ്ങളില്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 10 ാം തീയതി യോഗം ചേരുന്നത്.