മദീന- ഒഴുക്കില്‍ പെട്ട് പാറയില്‍ കയറി നിന്ന് രക്ഷക്ക് വേണ്ടി കരയുന്ന കുട്ടി. മഴവെള്ളപ്പാച്ചിലില്‍ ഏതു സമയവും ഒലിച്ചുപോയേക്കാവുന്ന അവസ്ഥ. ഒഴുക്കില്‍ നീന്തി കുട്ടിയെ രക്ഷിക്കുന്ന സാഹസികരായ യുവാക്കളുടെ ഇടപെടലില്‍ ശ്വാസമടക്കി പിടിച്ചു നില്ക്കുന്ന മാതാപിതാക്കളും വഴിയാത്രക്കാരും. കുട്ടിയെ രക്ഷിച്ച യുവാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ കയ്യടിക്കുമ്പോഴും ഭീതിയോടെയാണ് എല്ലാവരും വീഡിയോ വീക്ഷിക്കുന്നത്.
റോഡരുകില്‍ വെള്ളം കുത്തിഒലിച്ചു പോകുന്നതിന്റെ തൊട്ടടുത്ത് മഴയത്ത് ഒരു ചെറിയ കുട്ടി പാറയില്‍ കയറി നില്ക്കുന്നു. കുത്തി ഒഴുകുന്ന വെള്ളം മുറിച്ച് കടന്ന് കുട്ടിയുടെ അടുത്തെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഉയര്‍ത്തി നിര്‍മ്മിച്ച റോഡിന്റെ ചെരിഞ്ഞ പ്രതലത്തിലൂടെ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എടുത്ത് ചാടി ഒരാള്‍ കുട്ടിയുടെ അടുത്തേക്ക് എത്തി. രണ്ടുപേര്‍ മരക്കഷണങ്ങള്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് താഴേക്ക് വന്ന് താത്കാലിക പാലം നിര്‍മിക്കുന്നു. റോഡിലുള്ളവര്‍ വലിയ കയര്‍കെട്ടി എല്ലാവരെയും മുകളിലെത്തിക്കുന്നു. ഇതാണ് വീഡിയോ.
മദീനയില്‍ ഇന്നലെ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടത്. ഇതിനിടയിലാണ് ഒരു ചെറിയ കുട്ടി അപകടത്തില്‍ പെട്ടത്. അതേസമയം മഴവെള്ളപ്പാച്ചില്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് വീണ്ടും മുന്നറിയിപ്പ് നല്കി. ഇന്നും നല്ല മഴയാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍.