കോഴിക്കോട്- സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മുസ്്‌ലിം വിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ച് പുറത്തിറിക്കിയ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയത് ആർ.എസ്.എസ് പ്രവർത്തകൻ. സതീഷ് ബാബു എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയത്. ഇദ്ദേഹത്തിന് നടി ആശാ ശരത് ഉപഹാരം നൽകുന്നതിന്റെ ചിത്രവും ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും അനുകൂലിക്കുകയും സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ഇദ്ദേഹം നേരത്തെ പങ്കുവെച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതിയുടെ കവർ ഫോട്ടോയാണ് സതീഷ് ബാബുവിന്റെ ഫെയ്‌സ്ബുക്കിനുള്ളത്.
അതേസമയം,
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടനുബന്ധിച്ചുള്ള വീഡിയോ വിവാദത്തിൽ പ്രതികരിച്ച് ദൃശ്യ സംവിധായകൻ രംഗത്തെത്തി.
ആരോപിക്കപ്പെടുന്നതുപോലെ ഏതെങ്കിലും വിഭാഗത്തെ തീവ്രവാദികളായി കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ള ദൃശ്യ ചിത്രീകരണമല്ലെന്നും, കലോത്സവത്തിന്റെ മുഖ്യ നഗരിയായ ക്യാപ്റ്റൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യസംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസ് പറഞ്ഞു.
സ്വതന്ത്രമായ ഒരു സംഘടനയാണ് മാതാ പേരാമ്പ്രയെന്നും ദുരുദ്ദേശത്തോടെ ചെയ്തതല്ല ദൃശ്യാവിഷ്‌കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് സ്റ്റേജിൽ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചതെന്നും പറയുന്നു.
കലോത്സവത്തിന്റെ ലക്ഷ്യം മറക്കുന്നതോ നാടിന്റെ മതസൗഹാർദ്ദ സാംസ്‌കാരിക പൈതൃകത്തിന് കോട്ടമുണ്ടാക്കുന്നതോ ആയ ചെറിയൊരു ചിന്ത പോലും ഇക്കാര്യത്തിലുണ്ടായിട്ടില്ല. പി.കെ ഗോപിയെ പോലെ ഉജ്വലനായൊരു സാംസ്‌കാരിക പ്രവർത്തകന്റെ വരികൾക്ക് തെറ്റായ സന്ദേശം നൽകുന്ന രൂപത്തിൽ ഒരു വീഡിയോ ആർക്കും ആലോചിക്കാൻ പോലുമാവാത്തതാണെന്നും അണിയറ പ്രവർത്തകർ വിശദീകരിക്കുന്നു.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുള്ള രംഗമാണ് സ്വാഗതഗാനത്തോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളെന്നാണ് വിമർശം. ഇന്ത്യൻ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിക്കുന്നതാണ് വീഡിയോ രംഗം. മുഖ്യമന്ത്രി, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് വിവാദ വീഡിയോ പ്രദർശനമുണ്ടായത്.
ദൃശ്യാവിഷ്‌കാരത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും രംഗത്തെത്തിയിരുന്നു. അബ്ദുറബ്ബിന്റെ വാക്കുകൾ:
കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓർമ്മപ്പെടുത്തി 'മഴു ഓങ്ങി നിൽപ്പുണ്ട്
അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും നിർത്താതെ കയ്യടിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്‌കൂൾ യുവജനോത്സവമാണ് വേദി,
മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ മന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.
സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തിൽ തലയിൽകെട്ട് ധരിച്ച ഒരാൾ വരുന്നു. തീർത്തും
മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവിൽ
പട്ടാളക്കാർ വന്നു അയാളെ കീഴ്‌പ്പെടുത്തുന്നതാണ് രംഗം.
ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോൾ
സംഘാടകരോട് തിരിഞ്ഞു നിന്നുചോദിക്കാൻ ആരുമുണ്ടായില്ല. ഓങ്ങി നിൽക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത്
നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം.
'അതായത് കോയാ...നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ!