Sorry, you need to enable JavaScript to visit this website.

ഒറ്റമുറിയിലെ പുതുവെളിച്ചം

ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം രാഹുൽ.

സിനിമാ സംവിധായകനാകാൻ മികച്ച ശമ്പളവും ഗ്ലാമറുമുള്ള ഐ.ടി. ജോലി രാജിെവച്ചപ്പോൾ ഈ ചെറുപ്പക്കാരന് എന്തുപറ്റി എന്നാണ് പലരും ചോദിച്ചത്. എന്നാൽ പോയ വർഷത്തെ മികച്ച കഥാചിത്രമുൾപ്പെടെ നാലു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഹുൽ റിജി നായരുടെ ഒറ്റമുറി വെളിച്ചം എന്ന ചിത്രം കരസ്ഥമാക്കിയപ്പോൾ ആ തിരിച്ചറിവ് വെറുതെയായിരുന്നില്ല എന്ന് തെളിയുകയായിരുന്നു.
മികച്ച കഥാചിത്രത്തിനും എഡിറ്റിംഗിനും മികച്ച സഹനടിക്കും അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിനുമാണ് ഒറ്റമുറി വെളിച്ചം അർഹമായത്. നായികയായ വിനീത കോശി മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിന് അർഹയായപ്പോൾ സഹനടിയായി പോളി വിൽസണും എഡിറ്ററായി അപ്പു ഭട്ടതിരിയും പുരസ്‌കാരങ്ങൾ സ്വന്തമാക്കി.
ആദ്യചിത്രത്തിനു ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തുഷ്ടനാണ് ഈ ബി.ടെക്കുകാരൻ. തന്റെ സിനിമാ യാത്രയെകുറിച്ച് മനസ്സു തുറക്കുകയായിരുന്നു അദ്ദേഹം.

 

ഈ അംഗീകാരം പ്രതീക്ഷിച്ചിരുന്നോ?
അംഗീകാരങ്ങളൊന്നും പ്രതീക്ഷിച്ചല്ല ഈ ചിത്രമൊരുക്കിയത്. ഇതൊരു ചെറിയ സിനിമയാണ്. തിയേറ്ററിലെത്തി മികച്ച സാമ്പത്തിക വിജയം നേടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഒരു മാസ് ഓഡിയൻസിനെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ല ഇത്. ആർട്ട് സിനിമയെന്നോ കമേഴ്‌സ്യൽ സിനിമയെന്നോ വേർതിരിച്ച് കാണാനുമാവില്ല. പാട്ടും സംഭാഷണങ്ങളും ത്രില്ലർ സ്വഭാവവുമെല്ലാം ഈ ചിത്രത്തിലുണ്ട്. മനസ്സിൽ തോന്നിയ ഒരു വിഷയത്തോട് അങ്ങേയറ്റം നീതി പുലർത്തി നന്നായി ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വിദേശ ചലച്ചിത്ര മേളകളിലുമെല്ലാം ഈ ചിത്രം എത്തിക്കണമെന്ന ചിന്തയുണ്ടായിരുന്നു. അത്തരം മേളകളിൽനിന്നും പുറംതള്ളരുത് എന്നൊരു ആഗ്രഹവും തോന്നിയിരുന്നു.

വൈവാഹിക ബലാത്സംഗം എന്ന പ്രമേയത്തെക്കുറിച്ച്?
ഒറ്റമുറിയുള്ള ഒരു വീടായിരുന്നു സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിലെത്തിയത്. ആ വീട്ടിലേയ്ക്ക് വിവാഹം കഴിച്ചെത്തുന്ന പെൺകുട്ടി. ആ മുറിയിൽ സദാസമയവും കത്തിനിൽക്കുന്ന ഒരു ലൈറ്റ്. ഭർത്താവിന്റെ അമ്മയും സഹോദരനും കഴിയുന്ന ആ മുറിയിൽ സ്വകാര്യത കണ്ടെത്താനാവാതെ വിഷമിക്കുന്ന പെൺകുട്ടി. ഇതായിരുന്നു മനസ്സിലുണ്ടായിരുന്ന കഥ. ഈ സാഹചര്യത്തിൽ അവരുടെ കുടുംബ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് വൈവാഹിക ബലാത്സംഗം എന്നൊരു പ്രമേയം കടന്നുവരുന്നത്. വൈവാഹിക പീഡനത്തിന് ഇരയാക്കപ്പെട്ടവരുടെ കഥകൾ വായിക്കുകയും അവരെ പുനരധിവസിപ്പിക്കുന്ന സംഘടനകളെക്കുറിച്ച് അറിയുകയും ചെയ്തപ്പോഴാണ് സിനിമ ഈയൊരു രീതിയിലേയ്ക്ക് ഉരുത്തിരിഞ്ഞെത്തിയത്.

സിനിമയ്ക്കു പിന്നിലെ കൂട്ടായ്മ?
സുഹൃത്തുക്കളുടെ കൂട്ടുകെട്ടായ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിനു പിറകിൽ പ്രവർത്തിച്ചത്. കൂടെ പഠിച്ചവരും ഒന്നിച്ചു ജോലി ചെയ്തവരുമെല്ലാം ഈ കൂട്ടായ്മയിലുണ്ട്. ഏഴു വർഷം മുമ്പ് ആദ്യമായി ചെയ്ത ഡോക്യുമെന്ററിയുടെ പിന്നിലും ഈ കൂട്ടായ്മയുണ്ടായിരുന്നു. അഭിനേതാക്കളും എഴുത്തുകാരും ക്യാമറാമാൻമാരും എഡിറ്റർമാരുമെല്ലാം ഈ കൂട്ടായ്മയിലുണ്ട്. പല മേഖലകളിൽനിന്നുമെത്തിയ ഇവരിൽ എൺപതു ശതമാനത്തിന്റേയും ആദ്യ ചിത്രമാണിത്. എല്ലാവരും ചേർന്ന് സംഘടിപ്പിച്ച മുപ്പതു ലക്ഷം രൂപയാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് സഹായിച്ചത്.

ആദ്യ ഡോക്യുമെന്ററിയായ ഹ്യുമൻ ബൗണ്ടറീസ് ഏറെ ചലനങ്ങളുണ്ടാക്കിയല്ലോ?
അതൊരു ഭാഗ്യമായിരുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ, ആരുടെയും സഹായിയാവാതെ, സിനിമാ നിർമ്മാണം ഒരു പാഷനായി കാണാത്ത സമയത്താണ് ആ ഡോക്യുമെന്ററി ഒരുക്കിയത്. പത്രത്തിൽ വന്ന ഒരു വാർത്തയാണ് ആധാരം. ഒരുകൂട്ടം ആളുകൾ പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും അവരിൽ നൂറോളം കുട്ടികളുണ്ടെന്നുമായിരുന്നു വാർത്ത. വാർത്തയുടെ അടിസ്ഥാനത്തിൽ മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ അവരെ ഇന്ത്യയിൽനിന്നും ഡീപ്പോർട്ട് ചെയ്യുകയാണ്. വാർത്തയുടെ പ്രാധാന്യമറിഞ്ഞ് നേരെ ദൽഹിയിലേയ്ക്ക് തിരിച്ചു. ചെറിയൊരു ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അവിടെയെത്തിയപ്പോൾ മൂന്നു ദിവസം അവിടെ തങ്ങി ദൃശ്യങ്ങളെല്ലാം ക്യാമറയിലാക്കി. തുടർന്നാണ് ഇതൊരു ഡോക്യുമെന്ററിയാക്കാമെന്നും ചലച്ചിത്രമേളകളിലൂടെ പ്രദർശിപ്പിക്കാമെന്നുമെല്ലാം ചിന്തിക്കുന്നത്. ഹ്യൂമൻ ബൗണ്ടറീസ് എന്ന പേരിൽ ആ ഡോക്യുമെന്ററി ഇന്ത്യയിലും യൂറോപ്പിലും പല ഫെസ്റ്റിവലുകളിലും അവാർഡുകളും അംഗീകാരങ്ങളും നേടി. യു.എൻ. ഹെഡ് ക്വാർട്ടേഴ്‌സിലുൾപ്പെടെ പലയിടങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് നിർമ്മിച്ച ട്രോൾ ലൈഫ് എന്ന ഹ്രസ്വചിത്രവും ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം മേക്കിംഗ് ചാലഞ്ചിൽ പ്ലാറ്റിനം ഫിലിം ഓഫ് ദി ഇയർ പദവി നേടി. ഇതിനുപുറമെ ആറ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. മൗനം സൊല്ലും വാർത്തൈകൾ എന്ന തമിഴ് സംഗീത ആൽബവും മറ്റൊരു സൃഷ്ടിയാണ്.

സുരക്ഷിതമായ ജോലി രാജിവെച്ച് സിനിമയെന്ന സ്വപ്നത്തിലേയ്ക്ക് ഇറങ്ങാനുള്ള ധൈര്യം?
ടി.സി.എസിലെ മാർക്കറ്റിംഗ് മാനേജർ പദവിയാണ് രാജിെവച്ചത്. ഒരുപക്ഷേ, വിവരമില്ലായ്മയിൽനിന്നുള്ള ധൈര്യമാകാം ഈ രാജി. പഠിക്കുന്ന കാലംതൊട്ടേ സിനിമയും പാട്ടുമെല്ലാമായിരുന്നു ഇഷ്ടങ്ങൾ. നാടകമെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്. ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് കിട്ടി മൈസൂരിൽ ഇൻഫോസിസിൽ ജോലിക്ക് ചേർന്നെങ്കിലും സിനിമാ മോഹം കൈവിട്ടില്ല. പിന്നീട് ഡോക്യുമെന്ററി ചെയ്ത കാലത്താണ് സിനിമയാണ് തന്റെ തട്ടകം എന്നുറപ്പിക്കുന്നത്. ഡോക്യുമെന്ററിയുടെ വിജയമായിരുന്നു പ്രചോദനം. ഒന്നുരണ്ടു തവണ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി പുറപ്പെട്ടെങ്കിലും മുടങ്ങിപ്പോയി. മുന്നോട്ടു പോകാനുള്ള ഊർജ്ജം സംഭരിക്കുന്നതങ്ങിനെയാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടായ്മ കൂട്ടിനുള്ളത് സഹായകമായി. ജോലി രാജിവെച്ച് സിനിമ സംവിധാനം ചെയ്യാനിറങ്ങിയപ്പോൾ ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു. അപ്പോഴെല്ലാം സൗഹൃദങ്ങളാണ് കരുത്തായി കൂടെ നിന്നത്.

 

വൻതാരനിരകളില്ലാത്ത ചിത്രങ്ങൾ മേളകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നു തോന്നിയിട്ടുണ്ടോ?
നിരാശാജനകമായ സംഗതിയാണിത്. അന്താരാഷ്ട്ര മേളകളിൽ ആയിരക്കണക്കിന് ചിത്രങ്ങളിൽനിന്നാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ അയ്യായിരത്തോളം ചിത്രങ്ങളെത്തും. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ നാലായിരത്തോളം ചിത്രങ്ങൾ വരും. അവിടെനിന്നെല്ലാം അംഗീകാരങ്ങൾ നേടുന്ന മലയാള ചിത്രങ്ങൾ തിയേറ്ററുകളിലെത്തുമ്പോൾ ജനങ്ങൾ സ്വീകരിക്കുന്നില്ല.  മേളകളിൽ കാണുന്നതിനേക്കാൾ നാലിലൊന്ന് പ്രേക്ഷകരേ തിയേറ്ററുകളിലെത്തുന്നുള്ളു. പ്രേക്ഷകരിൽ പലരും ഇത്തരം ചിത്രങ്ങൾ തിയേറ്ററിലെത്തുന്നത് അറിയുന്നില്ല എന്നൊരു പരാതിയുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ ഒരുക്കുന്ന ഇത്തരം ചിത്രങ്ങൾക്ക് മാർക്കറ്റിംഗിനായി കൂടുതൽ പണം ചെലവിടാനാകില്ല. ഇത്തരം അവസ്ഥയിൽ സർക്കാരിന് നഷ്ടമുണ്ടാകാത്ത തരത്തിലുള്ള മാർക്കറ്റിംഗ് മാതൃക സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ.

കുടുംബത്തിന്റെ പിന്തുണ?
എല്ലാ ഉയർച്ചകൾക്കുപിന്നിലും കുടുംബത്തിന്റെ പിന്തുണയുണ്ട്. കൺസ്യൂമർ ഫെഡ് മുൻ എം.ഡിയായിരുന്ന അച്ഛൻ ഡോ. റിജി ജി നായരും അമ്മ രാജശ്രീയുമെല്ലാം തികഞ്ഞ സഹകരണമാണ് നൽകുന്നത്. ചെറുപ്പംതൊട്ടേ എന്റെ വഴി സ്വയം തിരഞ്ഞെടുക്കാനാണ് അവർ പഠിപ്പിച്ചത്. എന്തു കാര്യത്തിലും ആത്മാർത്ഥമായ പരിശ്രമം വേണം എന്ന ചിന്താഗതിക്കാരാണവർ. ജോലി ഉപേക്ഷിച്ചപ്പോഴും സിനിമ സ്വീകരിച്ചപ്പോഴുമെല്ലാം അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു. ആത്മാർത്ഥത ഉപേക്ഷിക്കരുതെന്ന്. എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള സ്ഥിരോത്സാഹം എന്ന മൂല്യം എന്നിലുണ്ടാക്കിയത് ഭാര്യ നിത്യയാണ്. തിരുവനന്തപുരം യു.എസ്.ടിയിൽ പ്രോജക്ട് മാനേജരാണ് നിത്യ.

 

അടുത്ത കാലത്തായി പുതുമുഖങ്ങൾ അംഗീകരിക്കപ്പെടുന്നു എന്ന തോന്നലുണ്ടോ?
കലാമൂല്യമുള്ള, താരപ്പൊലിമയില്ലാത്ത സിനിമകൾ ശ്രദ്ധിക്കപ്പെടുമ്പോൾ നല്ല സിനിമകൾക്ക് വളരാനുള്ള സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്. ഇന്ദ്രൻസ് സാറിനെപ്പോലുള്ളവർ ആദരിക്കപ്പെടുമ്പോൾ ഈ മേഖലയിലേയ്ക്ക് പുതുമുഖങ്ങൾക്ക് കടന്നുവരാനുള്ള ഊർജ്ജമാണ് ലഭിക്കുന്നത്. അർഹതയ്ക്ക് അംഗീകാരം ലഭിക്കുമ്പോൾ ഞാനുൾപ്പെടെയുള്ള പുതുമുഖങ്ങൾക്ക് ലഭിക്കുന്ന പ്രതീക്ഷയും പ്രചോദനവും ഏറെയാണ്. അത് അങ്ങേയറ്റം സ്വാഗതാർഹമായ മാറ്റംതന്നെയാണ്.

ഒറ്റമുറി വെളിച്ചം എന്ന് തിയേറ്ററിലെത്തും?
നാലഞ്ചുമാസം കാത്തിരിക്കേണ്ടിവരും. ഒട്ടേറെ ചലച്ചിത്ര മേളകളിൽ അവസാനറൗണ്ടിൽ ഈ ചിത്രമുണ്ട്. അതിന്റെ നിയമാവലികളിൽ തിയേറ്റർ റിലീസ് പാടില്ലെന്നുണ്ട്.

പുതിയ പ്രോജക്ട്?
ഒരു മുഖ്യധാരാ സിനിമയാണ് അടുത്തത്. അതിനുള്ള ചർച്ചകൾ നടന്നുവരുന്നു. ഒറ്റമുറി വെളിച്ചത്തിൽനിന്നും തികച്ചും വ്യത്യസ്തമായ പ്രമേയം. വലിയ കാൻവാസിൽ ചെയ്യേണ്ട സിനിമയാണത്. മലയാളത്തിലെ രണ്ട് പ്രമുഖ ബാനറുകൾ ഒന്നിച്ചാണ് നിർമ്മാണം. കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം. 
 

Latest News