നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ചില പാശ്ചാത്യർ അറബികളുടെ ജീവിതം പഠിക്കുന്നതിന് പ്രത്യേകം താൽപര്യം കാണിച്ചിട്ടുണ്ട്. ഇവരിൽ ചിലരെ അറബികളുടെ ജീവിതം പഠിക്കുന്നതിന് സംഭ്രമജനകമായ കഥകളുടെ അക്ഷയഖനിയായ ആയിരത്തൊന്നു രാവുകളാണ് സ്വാധീനിച്ചത്. മറ്റു ചിലർ തങ്ങളുടെ പൂർവപിതാക്കളായ ഓറിയന്റലിസ്റ്റുകൾ രചിച്ച കൃതികളുടെ സ്വാധീനത്തിൽ പെട്ടാണ് അറബികളെ കുറിച്ച് കൂടുതൽ പഠിക്കുന്നതിന് ഇറങ്ങിത്തിരിച്ചത്. പഴയ കാലത്ത് പശ്ചാത്യരുടെ മനസ്സുകളെ സ്വാധീനിച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു റുബ്ഉൽഖാലി മരുഭൂമി. റുബ്ഉൽഖാലി മുറിച്ചുകടക്കുന്നതിന് പലരും ആഗ്രഹിച്ചു. എന്നാൽ ഇതിൽ വിജയം വരിക്കുന്നതിന് ഇവർക്ക് സാധിച്ചില്ല. ഇംഗ്ലീഷ് സിവിൽ സെർവന്റ് ആയിരുന്ന ബെർട്രാം സിഡ്‌നി തോമസ് റുബ്ഉൽഖാലി മുറിച്ചുകടന്നു. റുബ്ഉൽഖാലി കീഴടക്കിയ ആദ്യ പശ്ചാത്യനാണ് ബെർട്രാം തോമസ്. പ്രശസ്ത പശ്ചാത്യ സഞ്ചാരി ജോൺ ഫിലിപ്പിയും പിന്നീട് റുബ്ഉൽഖാലി മുറിച്ചുകടന്നു. അൽപ കാലത്തിനു ശേഷം വിൽഫ്രഡ് തെസിഗറും റുബ്ഉൽഖാലി മുറിച്ചുകടന്ന് ചരിത്രത്തിൽ ഇടംനേടി.
റുബ്ഉൽഖാലി മരുഭൂമിയെ പ്രണയിക്കുകയും മരുഭൂവാസികളെ ഇഷ്ടപ്പെടുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത ഡോ. ഡൊണാൾഡ് പവൽ കോളിന്റെ ജീവിതം തന്റെ മുൻഗാമികളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ആധുനിക ലോകത്തിന്റെ അങ്ങേയറ്റമായ അമേരിക്കയിൽ നിന്നാണ് റുബ്ഉൽഖാലി മരുഭൂമിയെ കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ ജീവിക്കുന്നതിന് ഡൊണാൾഡ് പവൽ കോൾ എത്തിയത്. റുബ്ഉൽഖാലി മരുഭൂമിയിലെ ആലുമുറ ഗോത്രക്കാരുടെ ചരിത്രവും ജീവിതവും പഠിച്ച ഡൊണാൾഡ് പവൽ കോൾ ആലുമുറ ഗോത്രക്കാരുടെ സംരക്ഷണത്തിലും പരിചരണത്തിലും ആതിഥേയത്വത്തിലുമാണ് കഴിഞ്ഞത്. ഇത് വലിയ തോതിൽ അദ്ദേഹത്തെ സ്വാധീനിക്കുകയും സൗദി ബദുക്കളെ കുറിച്ച് വായിച്ചറിഞ്ഞ് മനസ്സിൽ രൂപപ്പെട്ട കാഴ്ചപ്പാടുകളെ അടിമുടി മാറ്റിമറിക്കുകയും ചെയ്തു. മുൻധാരണകൾ തകർന്ന് തരിപ്പണമായതോടെ ഇദ്ദേഹം ബദുക്കളെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്‌നേഹിക്കുന്നതിന് തുടങ്ങി. ഇതിലൂടെ ഇസ്‌ലാമിനെയും ഇഷ്ടപ്പെട്ടു. അങ്ങിനെ ഇസ്‌ലാം ആശ്ലേഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് തുടങ്ങി. വിശുദ്ധ ഖുർആനിലെ ആദ്യ സൂക്തമായ ഫാത്തിഹ ആലുമുറ ഗോത്ര നേതാവ് ശൈഖ് ത്വാലിബ് ബിൻ റാശിദ് ബിൻ ലാഹോം അൽശുറൈം അൽമരിയുടെ കൈകളാൽ പഠിച്ചു. ഇതിനു വർഷങ്ങൾക്കു ശേഷം ഹിജ്‌റ 1424 ൽ കയ്‌റോയിൽ ശൈഖുൽഅസ്ഹറിനെ ഔദ്യോഗികമായി സമീപിച്ച് ഇസ്‌ലാം ആശ്ലേഷിക്കുന്നതായി പ്രഖ്യാപിച്ചു. ഇസ്‌ലാം ആശ്ലേഷിച്ച ഡോ. ഡൊണാൾഡ് കോൾ, ശൈഖ് ത്വാലിബ് അൽശുറൈമിനോടുള്ള ആദര സൂചകമായി അബ്ദുല്ല ത്വാലിബ് എന്ന പേര് സ്വീകരിച്ചു.
നരവംശശാസ്ത്രത്തിലെ ഡോക്ടറേറ്റ് പ്രബന്ധത്തിനുള്ള ഗവേഷണം തയാറാക്കുന്നതിന് യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ബെർകിലിയിൽ നിന്ന് 1968-1970 കാലത്താണ് ഡോ. ഡൊണാൾഡ് കോൾ സൗദിയിലെത്തിയത്. കിഴക്കൻ സൗദിയിലെയും തെക്കുകിഴക്കൻ സൗദിയിലെയും ആലുമുറ ഗോത്രക്കാർക്കൊപ്പം പതിനെട്ടു മാസത്തോളം അദ്ദേഹം കഴിഞ്ഞു. ഇക്കാലത്ത് ഭൂരിഭാഗം സമയവും ആലുമുറ ഗോത്രത്തിന്റെ കൈവരിയായ ആലുആസിബ് ഗോത്രത്തിൽ പെട്ട അലി ബിൻ സാലിം ബിൻ അൽകർബിയുടെ വീട്ടിൽ സ്ഥിരം അതിഥിയായിരുന്നു. അലി ബിൻ സാലിം അൽകർബിയുടെ പുത്രൻ അൽകർബി ബിൻ അലി ഡൊണാൾഡിന്റെ ഗൈഡ് ആയിരുന്നു. അൽകർബി ബിൻ അലിയുടെ സഹായവും സൗഹൃദവുമില്ലായിരുന്നെങ്കിൽ ഗവേഷണം പൂർത്തിയാക്കുക അസാധ്യമായിരുന്നെന്ന് ഡോ. ഡൊണാൾഡ് കോൾ സ്മരിക്കുന്നു. സൗദിയിലെ മരുഭൂമികളിലൂടെ തനിക്ക് വഴികാട്ടിയായി മുന്നിൽ നടന്ന അൽകർബി ബിൻ അലിയാണ് ആലുമുറ ഗോത്രത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തത്. അക്കാലത്ത് അൽകർബിക്ക് മുപ്പതു വയസാണ് പ്രായം. സഹോദരൻ എന്നോണം എന്നെ സ്വാഗതം ചെയ്ത അൽകർബി, അൽമരി സംസാര ശൈലി പഠിക്കുന്നതിന് തന്നെ സഹായിച്ചു. ഗോത്രത്തിലെ നൂറു കണക്കിനാളുകൾക്ക് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു.
കുടുംബ, ഗോത്ര പരമ്പരയെ കുറിച്ച് വിവരം നൽകുകയും പുരാതന കാലത്ത് ഗോത്രങ്ങൾക്കിടയിൽ നടന്ന യുദ്ധങ്ങളെ കുറിച്ച കഥകൾ വിവരിച്ചുനൽകുകയും നാടോടി അറബികളുടെ ആചാരങ്ങളെ കുറിച്ച് അറിവ് നൽകുകയും ചെയ്തതിന് അൽകർബി ബിൻ അലിയുടെ പിതാവിനോടും പിതൃസഹോദരന്മാരോടും അമ്മാവന്മാരോടും താൻ കടപ്പെട്ടിരിക്കുന്നു. അൽകർബിയുടെ സഹോദരൻ മർസൂഖും പിതൃസഹോദര പുത്രൻ ഹറാൻ ബിൻ മുഹമ്മദും ആണ് ഒട്ടകപ്പുറത്ത് കയറുന്നതിനെ കുറിച്ച് തന്നെ പഠിപ്പിച്ചത്. ഇരുവരും നീണ്ട മുടിയുള്ളവരായിരുന്നു. ഇവർ ഇരുവരും ഒട്ടകങ്ങളെ മേയ്ക്കുന്ന യാത്രകളിൽ തന്നെ ഒപ്പം കൂട്ടി. മരുഭൂമിയെ കുറിച്ച് താൻ പഠിച്ച് മനസ്സിലാക്കിയതിൽ ഭൂരിഭാഗവും ഇവരാണ് പഠിപ്പിച്ചത്.
ആലുആസിബ് ഗോത്രത്തിനൊപ്പമാണ് താൻ കഴിഞ്ഞത് എന്നതിനാൽ അവരെ കുറിച്ച് തനിക്ക് പൂർണ അറിവുണ്ട്. ആലുമുറ ഗോത്രത്തിലെ മറ്റു കൈവരി ഗോത്രങ്ങളെയും താൻ സന്ദർശിച്ചിരുന്നു. ആലുമുറ ഗോത്രത്തിന്റെ അമീർ ശൈഖ് ത്വാലിബ് ബിൻ റാശിദ് ബിൻ ശുറൈം, പുത്രൻ റാശിദ്, സഹോദര പുത്രൻ ഫൈസൽ ബിൻ മുഹമ്മദ് എന്നിവരുടെ ആതിഥേയത്വത്തിലും താൻ കഴിഞ്ഞു. ഊഷ്മളമായ സ്വീകരണമാണ് ആലുമുറ ഗോത്രം തനിക്ക് നൽകിയത്. കാലക്രമേണ റുബ്ഉൽഖാലിയിലെ മുഴുവൻ ഗോത്രങ്ങൾക്കും എന്നെ കുറിച്ച എല്ലാ കാര്യങ്ങളും അറിയുന്ന സ്ഥിതിയായി. മരുഭൂമിയിൽ വാർത്തകൾ ശരവേഗത്തിലാണ് പ്രചരിച്ചിരുന്നത്. എനിക്ക് അബ്ദുല്ല എന്ന് പേരിട്ട അവർ താൻ ആലുമുറ ഗോത്രത്തിന്റെ അമീർ ത്വാലിബിന്റെ മകനാണെന്ന് വാദിച്ചു. അറബിയായി സ്വയം മാറുന്നതിനാണ് അമേരിക്കയിൽ നിന്ന് താൻ മരുഭൂമിയിലേക്ക് വന്നതെന്ന് അവർ പറഞ്ഞു. ആലുമുറ ഗോത്രത്തിൽ പെട്ട ഒരാളും നേതാവുമാണെന്ന് തോന്നിപ്പിക്കുന്നതിന് അറബികളുടെ ശാരീരികക്ഷമതയും ശരീരഭാഷയും ശൈലികളും അവർ എന്നെ പഠിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ കാലമാണ് ആലുമുറ ഗോത്രക്കാർക്കൊപ്പം ചെലവഴിച്ച നാളുകൾ. അവരിൽ നിന്ന് അനുഭവിച്ചറിഞ്ഞ സാഹോദര്യ സ്‌നേഹം അതേപോലെ തിരിച്ചുനൽകാതെ തനിക്ക് ഒരിക്കലും ആഹ്ലാദവും സമാധാനവും ലഭിക്കില്ലെന്ന് ഡോ. ഡൊണാൾഡ് കോൾ പറയുന്നു.
ആലുമുറ ഗോത്രത്തിനൊപ്പമുള്ള സുദീർഘ യാത്രയും ഫീൽഡ് പ്രവർത്തനവും അവസാനിപ്പിച്ച് പിന്നീട് ഡൊണാൾഡ് കോൾ അമേരിക്കയിലേക്ക് മടങ്ങി. ഡോക്ടറേറ്റിനുള്ള പ്രബന്ധം തയാറാക്കി സമർപ്പിക്കുകയും 1975 ൽ ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ അറബി വിവർത്തനം 2004 ൽ പ്രസിദ്ധീകൃതമായി. അറബ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ റിസേർച്ച് ആന്റ് പബ്ലിഷിംഗ് ആണ് 'ബദുക്കളിലെ ബദുക്കൾ, റുബ്ഉൽഖാലിയിൽ ആലുമുറയുടെ ജീവിതം' എന്ന ശീർഷകത്തിൽ 211 പേജുകളുള്ള പുസ്തകം അറബിയിൽ പ്രസിദ്ധീകരിച്ചത്.
കേട്ടറിഞ്ഞതിൽ നിന്നും വായിച്ചു മനസ്സിലാക്കിയതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ആലുമുറ ഗോത്ര നേതാവ് ശൈഖ് ത്വാലിബ് ബിൻ ശുറൈമിൽ നിന്നും പിതൃസഹോദരപുത്രന്മാരിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് തന്റെ കൃതിയിൽ ഡോ. ഡൊണാൾഡ് പവൽ കോൾ പറയുന്നു. താൻ വായിച്ചറിഞ്ഞ സൗദിയിലെ ബദുക്കൾ കടുംപിടിത്തക്കാരും നീണ്ട മുടിയുള്ളവരും കഠാരകൾ കൊണ്ടുനടക്കുന്നവരും കർക്കശക്കാരുമായിരുന്നു. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് വേഗത്തിൽ തനിക്ക് ബോധ്യപ്പെട്ടു.
ആലുമുറ ഗോത്രക്കാർ കഴിയുന്ന റുബ്ഉൽഖാലി മരുഭൂമി മരണത്തിന്റെയും പ്രേതപിശാചക്കളുടെയും പ്രദേശമാണെന്നാണ് പാശ്ചാത്യ സഞ്ചാരികളുടെ കൃതികളിൽ വായിച്ചറിഞ്ഞിരുന്നത്. ഏറ്റവും നല്ല ഒട്ടകം, സ്വാദിഷ്ടമായ ഒട്ടകപ്പാൽ, നായാട്ടു മൃഗങ്ങളും പക്ഷികളും, വൃത്തിയുള്ള മണൽ, ശുദ്ധവായു തുടങ്ങി എല്ലാം റുബ്ഉൽഖാലിയിൽ ലഭ്യമാണെന്ന് ആലുമുറ ഗോത്രക്കാർ എപ്പോഴും പറയുന്നു. ഇവിടെ എല്ലാവരും സഹോദര്യത്തിലാണ് കഴിയുന്നത്. നഗരങ്ങളിലേക്ക് താമസം മാറുന്നതിന് ആലുമുറ ഗോത്രക്കാർ വിസമ്മതിക്കുന്നു. സാമൂഹിക ജീവിതം അടക്കം നഗരത്തിൽ എല്ലാം മലിനമാണെന്ന് ഇവർ വിശ്വസിക്കുന്നു. പരിശുദ്ധവും വൃത്തിയുള്ളതുമായ ജീവിതം ലഭിക്കുമെന്നതിനാൽ മരുഭൂ ജീവിതമാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും ആലുമുറ ഗോത്രക്കാർ പറയുന്നതായി ഡോ. അബ്ദുല്ല ത്വാലിബ് ഡൊണാൾഡ് പവൽ കോൾ തന്റെ കൃതിയിൽ വ്യക്തമാക്കുന്നു.