കോഴിക്കോട് - അച്ഛന്റെ ഒക്കത്തിരുന്ന് തോളിൽ പിടിച്ച് വേദിയിലെത്തി കസേരയിൽ ഇരുന്നായിരുന്നു ആദിത്യ സുരേഷ് പദ്യപാരായാണത്തിൽ പങ്കെടുത്തത്. ഫലം വന്നപ്പോൾ കൊല്ലം കുന്നത്തൂർ അംബികോദയം വി.ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യയ്ക്ക് എ ഗ്രേഡ്. ജന്മനാ അസ്ഥി പൊട്ടുന്ന ഓസ്റ്റിയോ ജനസസ് ഇംപെർഫെക്റ്റ് എന്ന അപൂർവ്വ ജനിതകാവസ്ഥയാണ് ആദിത്യയ്ക്ക്.
കൊല്ലം ഏഴാംമൈൽ സ്വദേശികളായ സുരേഷിന്റെയും രഞ്ജിനിയുടെയും മകനാണ്. ആദ്യമായാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദിത്യ മത്സരിക്കുന്നത്. അയ്യപ്പപ്പണിക്കരുടെ അഗ്‌നിപൂജ എന്ന കവിതയാണ് ആദിത്യ ആലപിച്ചത്. അർത്ഥസമ്പുഷ്ടമായ കവിതയെ ആ അർത്ഥത്തിൽ തന്നെ ആദിത്യ അവതരിപ്പിച്ചു. കവിത ആലപിച്ച് അച്ഛന്റെ തോളിൽ പിടിച്ച് വേദിയ്ക്ക് പുറത്തെത്തിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.
പഠനത്തോടൊപ്പം ഗാനമേളയും ഭക്തിഗാനങ്ങളുമായി മുന്നേറുകയായിരുന്നു ആദിത്യ. ഇതിനിടെ കോവിഡ് കാലം ദുരിതത്തിലാക്കി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ആദിത്യ ഓൺലൈനിൽ സജീവമായി. മലരെ മൗനമേ... എന്ന ആദിത്യ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എല്ലവരുടെ ശ്രദ്ധ പിടിച്ചുപറ്റി. 30 കിലോ മാത്രം തൂക്കമുള്ള ആദിത്യ പിതാവ് സുരേഷിന്റെയും മാതാവ് രഞ്ജിനിയുടെയും ശ്രദ്ധയിലും കരുത്തിലുമാണ് വേദികൾ കീഴടക്കുന്നത്.