വടക്കൻ കേരളത്തിന്റെ സൗന്ദര്യ റാണിയായ വയനാട്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ, എത്ര തലോടിയാലും മതിവരാത്ത ഈറൻ കാറ്റുകൾ, അങ്ങനെ... അങ്ങനെ പറഞ്ഞാൽ തീരാത്ത വയനാടിന്റെ മാറ്റൊലികൾക്കൊപ്പം വയനാടിനെ തേൻ മധുരമണിയിക്കാൻ ഇപ്പോൾ ഹണി മ്യൂസിയം കൂടി ഒരുങ്ങിയിരിക്കുന്നു. താമരശ്ശേരി ചുരം കയറി പഴയ ലക്കിടിയിൽ നിന്നും 800 മീറ്റർ വലത്തോട്ട് തിരിഞ്ഞ് നേരെ പോയാൽ വയനാടിനെ മധുരമണിയിപ്പിക്കുന്ന ഹണി മ്യൂസിയത്തിലെത്താം. 2021 ഫെബ്രുവരി 18 നാണ് ഗവൺമെന്റ് പിന്തുണയോടു കൂടി 'ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം' വയനാട് ലക്കിടിയിൽ ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തേതും എന്നാൽ ലോകത്തിലെ രണ്ടാമത്തേതുമായ ഹണി മ്യൂസിയമാണ് ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം. 2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഉസ്മാൻ എന്ന സംരംഭകന്റെ ഉയിർത്തെഴുന്നേൽപും അതിജീവനവുമാണ് ഈ മ്യൂസിയം. ഏതൊരാളിലും പ്രചോദനവും ആവേശവും ഉൾക്കൊള്ളുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പൊന്നുവിളിയിക്കുന്ന വയനാടിന്റെ മാധുര്യത്തിൽ ഒന്നാണ് വയനാടൻ തേനും. വയനാട്ടിലെത്തുന്ന മിക്ക സഞ്ചാരികളും തേൻ കൂടി വാങ്ങിയാണ് മിക്കപ്പോഴും മടങ്ങിപ്പോകാറ്. എന്നാൽ മിക്ക ടൂറിസ്റ്റ് പ്രദേശങ്ങളിൽനിന്നും വാങ്ങിക്കുന്ന തേൻ, വയനാടൻ തേൻ എന്നറിവല്ലാതെ അവ ഏത് ഇനത്തിൽ പെടുന്നെന്നും അതിന്റെ ഉപയോഗം എന്തെന്നും മറ്റു പ്രത്യേകതകളെ കുറിച്ചുപോലും അറിയാതെയാണ് മിക്കപേരും വാങ്ങിക്കുന്നത്.
ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തിൽ എത്തുന്ന ഓരോ സഞ്ചാരിയും കടന്നു ചെല്ലുന്നത് തേനീച്ചയുടെ പ്രത്യേക ലോകത്തേക്കാണ്. തേനീച്ചകളുടെയും തേനീച്ചക്കൂടിന്റെ രൂപത്തിലും പണി കഴിപ്പിച്ച അതിമനോഹര സമുച്ചയം. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ തേനീച്ചകളെ കാണാനും അവയുടെ മൂളുക്കം കാതുകളിൽ കേൾക്കാനും സാധിക്കും. എന്നാൽ നമ്മൾ സാധാരണ പേടിക്കുന്നത് പോലെയുള്ള തേനീച്ച ശല്യങ്ങൾ അവിടെയില്ല എന്നതാണ് അവിടുത്തെ പ്രത്യേകതകളിൽ ഒന്നാമത്തേത്.
'ഒരു കൊച്ചു തേനീച്ചയെ കുറിച്ചുള്ള വലിയൊരറിവ്' അതൊരു നിസ്സാരമായിരുന്നില്ലെന്ന് അവിടെ നിന്നും മടങ്ങുമ്പോൾ ഓരോരുത്തർക്കും മനസ്സിലാകും.
തേൻ പ്യൂരിഫിക്കേഷന് വേണ്ട ആധുനിക മെഷീനുകൾ, അവയുടെ ഘട്ടം ഘട്ടമായുള്ള പ്രവർത്തന രീതികൾ, തേൻ ശേഖരണത്തിന്റെ പ്രത്യേക സജ്ജീകരണങ്ങൾ തുടങ്ങിയവ വ്യത്യസ്തമായ മുറികളിലായി ഒരുക്കിവെച്ചിരിക്കുന്നു. അവ ഓരോന്നിലൂടെയും കൂട്ടിക്കൊണ്ടുപോയി തേനുകളുടെയും തേനീച്ചകളുടെയും പ്രത്യേകതകളെ കുറിച്ച് കാഴ്ചക്കാരെ പറഞ്ഞു മനസ്സിലാക്കിത്തരുവാൻ വിദഗ്ധന്മാരായ മൂന്നോ നാലോ ഗൈഡുകൾ അതിനുള്ളിൽ ഉണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വെറുതെ ഒരു മധുരം നുകരുക എന്നതിനപ്പുറം മനുഷ്യന്റെ ആയുസ്സിനെ ആരോഗ്യത്തോടെ നിലനിർത്താനാവശ്യമായ ഒന്നാണല്ലോ തേൻ. 200 ഓളം തേനീച്ച വർഗങ്ങൾ ലോകത്തുണ്ട്. അതിൽ 12 ഇനം തേനീച്ചകൾ മാത്രമാണ് തേൻ ശേഖരിക്കുന്നത്. അവയിൽ അഞ്ച് വിഭാഗം തേനീച്ചകളെ മാത്രമാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. ഓരോ തേനീച്ചയുടെ തേനിനും വ്യത്യസ്ത ഗുണമേന്മകളുണ്ട്. അഞ്ച് തേനീച്ചകൾ കൈമാറി ശേഖരിച്ച തേൻ സ്വയം പ്യൂരിഫൈ ചെയ്ത ശേഷം മാത്രമാണ് തേനീച്ചകൾ കൂടിനകത്ത് ശേഖരിക്കുന്നത് എന്നത് വളരെ അത്ഭുതം നിറഞ്ഞ ഒരറിവായിരുന്നു. തേനീച്ച സ്വയം ശുദ്ധീകരിച്ച് അറയിലാക്കുന്ന തേൻ കർഷകർ ശേഖരിക്കുന്നതോടെ ജൈവ മാലിന്യങ്ങളും ജലാംശവും കലരുന്നു. 20% ലധികം ജലാംശം അടങ്ങിയ തേൻ കഴിക്കുന്നത് വാതം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിലുള്ള ശാസ്ത്രീയ രീതി ഉപയോഗിച്ചുള്ള പ്യൂരിഫിക്കേഷൻ വാക്വം പമ്പുകൾ ഇവിടെ ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ കർഷകർ തേനെടുപ്പ് സമയം ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള വെള്ളവസ്ത്രം പ്രദർശിപ്പിച്ചിരിക്കുന്നു. അത് തേനീച്ചകളുടെ ജീവസംരക്ഷണം ഉറപ്പു വരുത്തുന്നതിന് കൂടിയാണത്രേ. തേനീച്ചയുടെ പിറകിലുള്ള കൊമ്പുകൊണ്ടാണ് അവ കുത്തുന്നത്, അത് തേനീച്ചയുടെ നട്ടെല്ലുമായി ബന്ധപ്പെട്ടതിനാൽ മനുഷ്യനെ കുത്തിയ ഉടൻ തന്നെ ആ തേനീച്ച ചത്തു പോകുന്നു എന്നതാണ് വാസ്തവം.
നിറത്തിലും ഗുണത്തിലും പഴക്കത്തിലും രുചിയിലുമെല്ലാം വ്യത്യസ്ത ഇനത്തിലുള്ള തേനുകളും അവ ഉപയോഗിക്കേണ്ട രീതികളും സംഘാടകർ നമുക്ക് വ്യക്തമായി പറഞ്ഞുതരുന്നുണ്ട്. യൗവനം നിലനിർത്താനാവശ്യമായ റാണി തേനീച്ചയുടെ സൂപ്പർ ഫുഡ്ഡായ റോയൽ ജല്ലി മിക്‌സഡ് ഹണിയും ബീ ക്രാഫ്റ്റിന്റെ ഈ ഹണി മ്യൂസിയത്തിൽ ലഭ്യമാണ് (പല സിനിമ താരങ്ങളും ഇത് ഉപയോഗിക്കാറുണ്ടെന്നു കേട്ടപ്പോൾ നമ്മുടെ മമ്മുക്കയുടെ യൗവനത്തിന്റെ രഹസ്യം അതാണോ എന്ന് പോലും ചിന്തിച്ചുപോയി).
ഉയരം കൂടുന്തോറും ചായയുടെ സ്വാദ് കൂടുമെന്ന് കേട്ടിട്ടില്ലേ? അതുപോലെ തന്നെ ഉയരം കൂടുംതോറും തേനിന്റെ ഗുണവും അളവും കൂടുന്നു. ഏറ്റവും മൂല്യം കൂടിയ ഇന്ത്യൻ തേനാണ് 'സിദർ'. സിദർ ശേഖരിക്കുന്നത് പെരുംതേനീച്ച അല്ലെങ്കിൽ രാക്ഷസനീച്ചയിൽ നിന്നുമാണ്. കാട്ടുതേൻ ശേഖരിക്കുന്നത് ഞെടിയൻ ഈച്ചയിൽ നിന്നുമാണ്. ഇതുപോലെ ചെറുതേൻ, സ്റ്റിൻഗ്ലസ് ഹണി, എന്നിങ്ങനെ ഏറ്റവും വില കൂടിയ തേൻ വരെ ഇവിടെയുണ്ട്.
കയ്‌പേറിയ തേൻ എന്ന് കേട്ടിട്ടുണ്ടോ? കാഞ്ഞിരതേൻ അടക്കം ഇരുപതോളം വ്യത്യസ്ത തേനുകളുടെ പ്രദർശനവും വിപണനവും ബി ക്രാഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ തേനിന്റെയും വ്യത്യസ്ത ഉപയോഗങ്ങളും ഗുണങ്ങളും പറയുന്നതോടൊപ്പം അവ രുചിച്ചു നോക്കാനുള്ള അവസരം കൂടി സന്ദർശകർക്കുണ്ട്. ഏറ്റവും പ്രോട്ടീൻ നിറഞ്ഞ പൂമ്പൊടി, ഹണി വാക്‌സ് എന്നിവ കൂടി വിപണന ശാലയിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായുള്ള കൊച്ചു പാർക്കും കരകൗശല വിഭവങ്ങൾ, ചോക്ലേറ്റ് എന്നിവ ഉൾക്കൊള്ളുന്നതുമാണ് ഈ മ്യൂസിയം. കാഴ്ചയുടെയും ആസ്വാദനത്തിന്റെയും അതോടൊപ്പം വിജ്ഞാനത്തിന്റെയും ഒരു വിശാല ലോകം. അത് കാണാതെ തിരിച്ചുപോകുന്ന ഓരോ വയനാടൻ സഞ്ചാരിക്കും അതൊരു തീരാനഷ്ടം തന്നെ ആയിരിക്കും.