കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പാമ്പും തീയും. മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ പന്തലിനോട് ചേർന്നുള്ള പവലിയന് മുമ്പിലാണ് പാമ്പിനെ കണ്ടത്. ഉടനെ കൂടിനിന്നവർ പാമ്പിനെ പിടികൂടി അപകടം ഒഴിവാക്കി.
മത്സരം തുടങ്ങാനിരിക്കെ ഏഴാം വേദിയായ ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ വേദിയുടെ കർട്ടനാണ് തീ പിടിച്ചത്. ചാക്യാർക്കൂത്ത് മത്സരം തുടങ്ങാനിരിക്കെയാണ് പരിഭ്രാന്തി പരത്തി തീ ഉയർന്നത്. വേദിയിൽ വച്ച നിലവിളക്കിൽ നിന്നാണ് തീ പടർന്നത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഇതേ തുടർന്ന് മത്സരം കുറച്ച് വൈകിയതൊഴിച്ചാൽ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.
അതിനിടെ, കോൽക്കളി മത്സരത്തിൽ മത്സരാർത്ഥി കാർപ്പെറ്റിൽ തെന്നിവീണതിനെ തുടർന്നുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ പ്രതിഷേധം അവസാനിച്ചു. ഗുജറാത്തി ഹാളിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം കോൽക്കളി മത്സരത്തിനിടെയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ എച്ച്.എസ്.എസിലെ സുഫ്‌യാന് പരിക്കേറ്റത്. കാലിനും കൈക്കുമാണ് പരിക്കേറ്റത്. കൈയൊടിഞ്ഞ് സുഫ്‌യാനെ ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് മത്സരം പുനരാരംഭിച്ചത്.
രണ്ടുവർഷത്തെ കോവിഡ് അവധിക്കുശേഷം എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചരിത്രമുറങ്ങുന്ന കോഴിക്കോട് വീണ്ടും സ്‌കൂൾ കലോത്സവത്തിന് വേദിയായത്. 24 വേദികളിലായി 239 ഇനങ്ങളിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ആവേശപൂർവ്വം മേളയിൽ മാറ്റുരക്കുന്നത്.