കോഴിക്കോട്- സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിൽ ഉൾപ്പെടുത്തിയ വീഡിയോയെ ചൊല്ലി വിവാദം. ഒരു വിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുള്ള രംഗമാണ് സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ ഷംസീർ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്വാഗതഗാനം. ഗാനത്തിനിടെ ഒരാൾ തലയിൽ കെട്ട് ധരിച്ച് വരുന്നതും അയാളെ പട്ടാളക്കാർ കീഴടക്കുന്നതുമാണ് ഉൾപ്പെടുത്തിയത്. മുസ്ലിം വിഭാഗത്തെ മനപൂർവ്വം കരിവാരിത്തേക്കാൻ ഉദ്ദേശിച്ചാണ് ഇത്തരത്തിൽ പ്ലോട്ട് ഉൾപ്പെടുത്തിയത് എന്നാണ് ആക്ഷേപം. ഇതിനെതിരെ നിരവധി കേന്ദ്രങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നു. അതേസമയം, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ സംഘാടകർ തയ്യാറായിട്ടില്ല.