Sorry, you need to enable JavaScript to visit this website.

പ്രമുഖരേ, പ്രഗത്ഭരേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി നിങ്ങളെ കാത്തിരിക്കുന്നു

തിരുവനന്തപുരം- സിനിമാക്കാരേ, സാഹിത്യകാരന്മാരേ, കലാ- കായിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരേ... രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോ. വരൂ, ബി. ജെ. പി നിങ്ങളെ കാത്തിരിക്കുന്നു. സുരേഷ് ഗോപിക്കും പി. ടി. ഉഷയ്ക്കും ഇ. ശ്രീധരനും പിന്നാലെ നിങ്ങള്‍ക്കും നല്ല കാലം തെളിഞ്ഞേക്കും. 

ഇ. ശ്രീധരന്‍ കേരളത്തില്‍ മത്സരിച്ച് തോറ്റെങ്കിലും സുരേഷ് ഗോപിയും പി. ടി. ഉഷയുമൊക്കെ തെരഞ്ഞെടുപ്പില്ലാതെ ഈസി വാക്കോവര്‍ നടത്തിയവരാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 10 എണ്ണത്തിലേക്കാണ് നേരത്തെ തന്നെ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരെ തേടുന്നത്. 

ബി. ജെ. പിക്കു വേണ്ടി പ്രവര്‍ത്തിച്ച് സീറ്റു മോഹിച്ചിരിക്കുന്നവരുടെ അവസ്ഥ എന്താണെന്ന് ചോദിച്ച് മുമ്പോട്ടു വരല്ലേ, മോഡിയും അമിത്ഷായും തീരുമാനിച്ചാല്‍ പിന്നെ സാക്ഷാല്‍ സുരേന്ദ്രനു വരെ വേറൊന്നും പറയാനാവില്ല. അതുകൊണ്ട്, കേരളത്തിലെ പകുതി സീറ്റുകളും സംവരണം ചെയ്തിരിക്കുന്ന പ്രഗത്ഭര്‍ക്ക് ബി. ജെ. പിയില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം ചുളുവില്‍ കിട്ടും. 

ജനപ്രിയരെ കണ്ടെത്താനുള്ള നീക്കം ഇതിനകം ബി. ജെ. പി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നേരത്തെ ആറു മണ്ഡലങ്ങളാണ് ബി. ജെ. പി എ ഗ്രേഡ് നല്കിയതെങ്കില്‍ ആറിലും പൊട്ടിയതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, മാവേലിക്കര, കൊല്ലം, കാസര്‍ക്കോട്, ആലപ്പുഴ, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ഇതുവരേയും ബി. ജെ. പിയുടെ പേരില്‍ രംഗത്തെത്തിയിട്ടില്ലാത്ത പ്രമുഖരേയും പ്രഗത്ഭരേയും കാത്തിരിക്കുന്നത്. 

പ്രമുഖരുടെ പത്ത് മണ്ഡലങ്ങള്‍ക്ക് പുറമേ കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും കൂടി കേരളത്തില്‍ മത്സരിക്കാനിടയുണ്ട്. അതോടെ ബി. ജെ. പിക്കുവേ
ണ്ടി വിയര്‍പ്പൊഴുക്കി സീറ്റ് സ്വപ്‌നം കണ്ട സംസ്ഥാന നേതാക്കളില്‍ പലരും പുറത്താകുമെന്ന് ചുരുക്കം. ബി. ജെ. പി നേതാക്കള്‍ക്ക് സീറ്റു കിട്ടാനുള്ള എളുപ്പവഴി കഥയോ കവിതയോ എഴുതി പ്രസിദ്ധീകരിക്കുകയും എഴുത്തുകാരനാവുകയെന്നതുമാണ്. അതൊക്കെ എളുപ്പം നടക്കുമോ എന്നറിയില്ല. ഇല്ലെങ്കില്‍ സിനിമയില്‍ അഭിനയിച്ച് ആളാകുക. ടി വി ചാനലിലെ അന്തിച്ചര്‍ച്ചയിലിരുന്ന് ബഹളംവെച്ചാലൊന്നും സീറ്റ് കിട്ടില്ലെന്ന് ചുരുക്കം. 

2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഒക്ടോബറാകുമ്പോഴേക്കും സ്ഥാനാര്‍ഥികളാകേണ്ടവരുടെ പട്ടിക തയ്യാറാക്കാനാണ് ബി. ജെ. പി തയ്യാറെടുക്കുന്നത്. ബി. ജെ. പിയുടെ മിഷന്‍ സൗത്ത് ഇന്ത്യയുടെ ഭാഗമായി കേരളത്തിന് പുറമേ തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇതേ തന്ത്രം തന്നെയാണ് ബി. ജെ. പി പയറ്റാനിരിക്കുന്നത്. അതോടൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഡിയും അമിത്ഷായും നേരിട്ട് ചുക്കാന്‍ പിടിക്കുകയും ചെയ്യും. 

കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി. ജെ. പി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം ഈ മാസം സംസ്ഥാനത്തെത്തുന്നുണ്ട്. സി. പി. എം പ്രചാരണ മാര്‍ഗ്ഗങ്ങള്‍ അനുകരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീടുകള്‍ കയറിയിറങ്ങാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

ജനുവരി 12ന് ആരംഭിക്കുന്ന ഗൃഹസംരക്ഷണ പരിപാടികള്‍ 29നാണ് അവസാനിക്കുക. പാര്‍ട്ടി ഫണ്ട് കണ്ടെത്താന്‍ 2022 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 25 വരെ വീടുകള്‍ കയറിയിറങ്ങിയതിന് പിന്നാലെയാണ് പ്രോഗ്രസ് കാര്‍ഡുമായുള്ള വരവ്.

Latest News