കോഴിക്കോട് - ഇനി അഞ്ചുനാൾ കലയുടെ കലാപൂരം. 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ ആവേശകരമായ തുടക്കം.
ഇന്ന് രാവിലെ 8.30ന് കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തിയതോടെ കലോത്സവനഗരി ഉണർന്നു. തുടർന്ന് 8.40 മുതൽ 50 മിനിറ്റ് ദൃശ്യവിസ്മയങ്ങളായിരുന്നു. 9.40ന് കൗമാരപ്രതിഭകളെ വരവേറ്റ് സ്വാഗതഗാനം. തുടർന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം. ചടങ്ങിൽ നടി ആശ ശരത് വിശിഷ്ടാതിഥിയായി.
രണ്ടുവർഷത്തെ കോവിഡ് ഇടവേളയടക്കം, എട്ടുവർഷങ്ങൾക്കുശേഷം വീണ്ടും കോഴിക്കോട്ടേക്ക് വിരുന്നെത്തിയ സ്‌കൂൾ കലോത്സവത്തിന്റെ മാറ്റ് കൂട്ടാൻ സർവത്ര സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 വേദികളിൽ 239 ഇനങ്ങളിലായി അപ്പീൽ വഴി വന്നവരടക്കം പതിനായിരത്തിലേറെ മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക.
മന്ത്രിമാരായ സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം മന്ത്രി എ.കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ ഡോ. തേജ്‌ലോഹിത് റെഡ്ഢി ഉൾപ്പെടെയുള്ളവർ കലോത്സവത്തിന്റെ ഓരോ ഇടങ്ങളും പരാതികൾ ഇല്ലാതാക്കാൻ ജാഗ്രത്തായ ഇടപെടലുകളാണ് തുടർന്നുുകൊണ്ടേയിരിക്കുന്നത്. മത്സരാർത്ഥികൾക്കും എസ്‌കോർട്ടിനുമായി നഗരപ്രദേശങ്ങളിലെ 20 വിദ്യാലയങ്ങളിലാണ് താമസസൗകര്യം ഒരുക്കിയത്. വേദികൾ, ഭക്ഷണസ്ഥലം, താമസസ്ഥലം എന്നിവിടങ്ങളിലേക്കായി മത്സരാർത്ഥികൾക്കായി 30 കലോത്സവ വണ്ടികളും സജ്ജീകരിച്ചിട്ടുണ്ട്. കലാകാരന്മാർക്കും കലാകാരികൾക്കും യാതൊരു പ്രയാസവും ഇല്ലാത്തവിധം മനോഹരമായും മാതൃകയായും ഈ കലാമാമാങ്കത്തെ മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ് സംഘാടകർ.