കൊച്ചി-കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പോലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് മുന്നില്‍ ഹാജരാകില്ല. ചികിത്സയിലാണെന്നും നേരിട്ട് ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് സുനു ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്നു രാവിലെ 11 മണിക്ക് നേരിട്ട് ഹാജരായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാണ് സുനുവിന് ഡിജിപി നല്‍കിയ നോട്ടീസില്‍ പറയുന്നത്. പിരിച്ചുവിടല്‍ നടപടിക്കെതിരെ ആദ്യ ഘട്ടത്തില്‍ പി ആര്‍ സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പോലീസ് മേധാവിക്ക് ഇ-മെയില്‍ വഴി വിശദീകരണം നല്‍കി.
ഈ വിശദീകരണം തൃപ്തികരമല്ലെന്നും ഡിജിപിയുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് രാവിലെ സുനു ഹാജരാകേണ്ടതായിരുന്നു. അതിനിടെയാണ് ചികിത്സയിലാണെന്നും നേരിട്ട് ഹാജരാകാന്‍ സാവകാശം വേണമെന്നും കാണിച്ച് ഇ-മെയില്‍ വഴി സുനു മറുപടി നല്‍കിയത്. ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ സുനു തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗക്കേസില്‍ പ്രതിയാണ്. ഇതുകൂടാതെ വേറെ നിരവധി കേസുകളിലും സുനു പ്രതിയാക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്.