Sorry, you need to enable JavaScript to visit this website.

പല സംഘടനകളും ഉപയോഗിച്ച വസ്ത്രം ശേഖരിക്കുന്നു;നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി അധികൃതര്‍

റിയാദ്- ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കാനായി റോഡുകളിൽ സ്ഥാപിച്ചിരുന്ന കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നിർദേശം. നാഷണൽ സെന്റർ ഫോർ ദ ഡെവലപ്മെന്റ് ഓഫ് നൺ പ്രോഫിറ്റ് സെക്ടർ ആണ് എല്ലാ സന്നദ്ധ സംഘടനകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
സംഘടനകൾ സ്ഥാപിച്ച കണ്ടെയ്നറുൽ നീക്കം ചെയ്യുന്നതോടൊപ്പം ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കാനായി ആരംഭിച്ച സ്ഥാപനങ്ങളും അടച്ചു പൂട്ടണം. സംഘടനകളുടെ ഓഫീസുകളിലോ നഗരസഭകൾ അനുവദിക്കുന്ന സ്ഥലങ്ങളിലോ മാത്രമേ ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കാനുള്ള കണ്ടെയ്നറുകൾ സ്ഥാപിക്കാവൂ. വ്യവസ്ഥകൾ ലംഘിക്കുന്ന സന്നദ്ധ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെന്റർ അറിയിച്ചു.
നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായി പല സംഘടനകളും വസ്ത്രങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സെന്റർ പുതിയ നിർദേശവുമായി രംഗത്തെത്തിയത്. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നതിന് കഴിഞ്ഞ മാസം സെന്റർ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പുതിയ വ്യവസ്ഥയനുസരിച്ച് സംഘടനകളുടെ ആസ്ഥാനത്തെത്തിക്കുന്ന വസ്ത്രങ്ങൾക്ക് പാടുകളോ ദ്വാരങ്ങളോ ഉണ്ടാകരുത്. കഴുകി മാത്രമേ കണ്ടെയ്നറുകൾ നിക്ഷേപിക്കാവൂ. മുഷിഞ്ഞതോ രക്തക്കറയുള്ളതോ നിക്ഷേപിക്കരുത്. അടിവസ്ത്രങ്ങൾ യൊതൊരു കാരണവശാലും സംഭാവന ചെയ്യരുത്.
ഉപയോഗിച്ച വസ്ത്രങ്ങൾ പുനരുപയോഗത്തിന് ഒരുക്കുന്ന സ്ഥാപനങ്ങൾക്ക് സെന്ററിന്റെ ലൈസൻസ് നിർബന്ധമാണ്. വസ്ത്രങ്ങൾ ശേഖരിച്ച് തരംതിരിച്ച് വിതരണത്തിനും വിൽപനക്കും പുനരുപയോഗത്തിനും പ്ലാനുകൾ തയാറാക്കണം. വസ്ത്രങ്ങൾ സ്വീകരിക്കുമ്പോൾ ആരോഗ്യ മാനദണ്ഡങ്ങളും  നിർദേശങ്ങളും പാലിക്കണം. നേരത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കണ്ടെയ്നറുകൾ വ്യാപകമായിരുന്നു. വീടുകളിൽ ആവശ്യമില്ലാത്ത എല്ലാ വസ്ത്രങ്ങളും ഇതിൽ നിക്ഷേപിക്കും. 
ശേഷം ബന്ധപ്പെട്ട തൊഴിലാളികൾ അവ ശേഖരിച്ച് കൊണ്ടുപോകും. എന്നാൽ വ്യവസ്ഥ കർശനമാക്കിയതോടെ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല വസ്ത്രങ്ങൾ മാത്രമേ ഇനി നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.

Tags

Latest News