മലയാളത്തിലെ പല വാമൊഴി വഴക്കങ്ങളും ജനകീയമാക്കുന്നതിൽ കാലാകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഷ ചരിത്രം തെരയലല്ല വിഷയം. അടുത്ത കാലത്തായി അത്തരം സംഭാവന നൽകുന്നവരിൽ മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് പറയലാണ്. ഒക്ക ചങ്ങാതി (തലശ്ശേരിയിൽ ചങ്ങായി) നികൃഷ്ടതയൊന്നുമില്ലാത്ത പ്രയോഗമായിരുന്നു. അത് പോലെ ഒന്നായിരുന്നു മരുന്നിട്ട് കൊടുക്കരുത് എന്നത്. വി.ഡി. സതീശന്റെ രാഷ്ട്രീയ മേഖലയിൽ പാവം പാവം വിസ്ഡം മുജാഹിദ് പ്രവർത്തകരെ വർഗീയ വാദികൾ അക്രമിച്ച സംഭവവും അതിന് നിയമസഭയിൽ പ്രതികരിച്ച മുഖ്യമന്ത്രി ആർ.എസ്.എസിന് മരുന്നിട്ടുകൊടുക്കരുത് എന്ന് ഉപദേശിച്ചതും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. താൻ ഭരിക്കുന്ന നാട്ടിൽ പ്രശ്‌നമുണ്ടാകരുത് എന്ന സദ്ചിന്തയാണ് അതിന് പിന്നിലെന്ന് ഒന്നിലും ദോഷം കാണാത്തവർക്ക് സമാധിനിക്കാം.
അന്നത്തെ മനോഹരമായ കാഴ്ച അതൊന്നു മായിരുന്നില്ല - വിഷയത്തിൽ ഇടപെട്ട വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ നിലപാടായിരുന്നു. അവർ അന്ന് നിയമസഭയിൽ ഇടപെട്ടത് അവരുടെ അനിഷേധ്യ നേതാക്കളായ ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ് മാൻ എന്നിവരൊക്കെ ആശയപരമായി ഒപ്പം നിന്ന പ്രസ്ഥാനമാണല്ലോ ആക്രമിക്കപ്പെട്ടത് എന്ന ചിന്തയിലും ഭാവത്തിലുമായിരുന്നു.
അന്ന് നിയമസഭയിൽ കോൺഗ്രസ് നേതാക്കൾക്ക് മരുന്നിട്ടു കൊടുക്കരുത് എന്ന ഉപദേശം കൊടുക്കാൻ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ എത്ര കണ്ട് ആവിടെ ചേരുന്നു എന്നിടത്താണ് ഭാഷ പ്രയോഗത്തിൽ മുഖ്യമന്ത്രിയെ വിജയിയാക്കിയത്. അത് പോലെ ഒന്നായിരുന്നു അടുത്ത കാലത്ത് തത്സമയം അദ്ദേഹത്തിൽ നിന്ന് ഒഴുകിയെത്തിയ പിപ്പിടി കാണിക്കേണ്ട എന്ന പ്രയോഗം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള പോരാട്ടത്തിനിടക്കായിരുന്നു.
പിപ്പിടി ഇങ്ങോട്ട് വേണ്ട എന്ന വാക്കുകൾ പോയ കൊല്ലം, ജനകീയമാക്കിയ കൊള്ളാവുന്ന പദമായി ഭാഷാശാസ്ത്രജ്ഞരിൽ ചിലർ അടയാളപ്പെടുത്തിക്കഴിഞ്ഞു. പിണറായി വിജയനാണ് തുടങ്ങി വെച്ചതെങ്കിലും കാര്യങ്ങൾ നിസ്സാരവൽക്കരിക്കാനായി ഇവിടെയിപ്പോൾ നല്ല ചൂടാണ് എന്ന മട്ടിൽ ഇ.പി. ജയരാജനും ഒന്ന് ഇറങ്ങിക്കളിച്ചു നോക്കിയിരുന്നു. വിജയിച്ചു എന്ന് കണ്ടപ്പോൾ പത്രക്കാരെ ഒഴിവാക്കാൻ ആൾ, ഹാപ്പി ന്യൂ ഇയർ വെച്ചങ്ങ് കാച്ചി. താനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഹാപ്പി ന്യൂ ഇയർ പറഞ്ഞ് അദ്ദേഹം പത്രക്കാരെ ശരിക്കും നേരിട്ടു. അതിനി ഒരു രീതിയായിക്കൂടായ്കയില്ല. സജി ചെറിയാനും സി.പി.എമ്മിനും ഹാപ്പി ന്യൂ ഇയർ എന്ന പ്രയോഗം ഇതിന്റെ ഭാഗമായി കണാവുന്നതാണ്. ഒരുപാട് കത്തുന്ന വിഷയങ്ങളിൽ നിന്ന് സി.പി.എമ്മിനുള്ള രക്ഷയാണ് സജി ചെറിയാന്റെ മന്ത്രിസഭ പ്രവേശം.
സജി ചെറിയാൻ സി.പി.എമ്മിൽ ശരിക്കും പിണറായി വിജയനെ പോലെ ഒരാാളാണ്, അല്ലെങ്കിൽ അതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ജന വികാരത്തിനൊപ്പം നിന്ന് രാജി. ഒടുവലിപ്പോൾ മന്ത്രിസഭ പ്രവേശം. ഇന്ത്യൻ ഭരണഘടന എന്നത് രാജ്യം ഭരിക്കുന്ന പാർട്ടിക്കും സി.പി.എം ഉൾപ്പെടെയുള പാർട്ടികൾക്കും സജി ചെറിയാൻ പറഞ്ഞത് തന്നെയാണ്. അത് കൊണ്ട് തന്നെ ഭരണഘടനയെ അവഹേളിച്ചയാൾ എന്ന കാര്യം പാർട്ടി അണികൾക്ക് ഒരു വികാരമേ അല്ല. കോൺഗ്രസുകാരാണ് ഭരണഘടന വികാരമായി കൊണ്ടുനടക്കേണ്ടവർ. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ദിനത്തിൽ കോൺഗ്രസ് കരിദിനം പ്ര ഖ്യാപിച്ചിട്ടുണ്ട്.
അതുകൊണ്ടെന്ത് കാര്യം? സജി ചെറിയാന് ഹാപ്പി ന്യൂ ഇയറാകാനുള എല്ലാം വഴിയും തെളിഞ്ഞിരിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ പിപ്പിടിയും വില പോയില്ല, കേന്ദ്ര സർക്കാർ തന്നെ ആ കടലാസ് തീർപ്പാക്കിയിട്ടുണ്ട്. എന്തായാലും ഇ.പി. ജയരാജൻ പുതുതായി ജനകീയമാക്കിയ ഹാപ്പി ന്യൂ ഇയർ സി.പി.എമ്മിനും പിണറായി വിജയനും സജി ചെറിയാനുമെല്ലാം ചേരുംപടി ചേരുന്നു - തൽക്കാലം എന്തായാലും ഇവർക്കെല്ലാം ഹാപ്പി ന്യൂ ഇയർ.