കണ്ണൂർ- കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് കൊലപാതകങ്ങളും അക്രമങ്ങളും തുടർച്ചയായി നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നായനാർ ദിനാചരണ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം കടന്നു പോകുന്നത്. ബംഗാളിനും ത്രിപുരക്കും ശേഷം കേരളം പിടിക്കുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ഇതിന്റെ ഭാഗമായാണ് ഇവിടെ കൊലപാതക പരമ്പര നടത്തുന്നത്. ബി.ജെ.പിയുടെ കടന്നു കയറ്റത്തെ ചെറുക്കാൻ പൊതുസമൂഹം ജാഗ്രത പാലിക്കണം -കോടിയേരി പറഞ്ഞു.
കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പോലും തകർക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ ഉണ്ടായ സംഭവ വികാസങ്ങൾ. ജനാധിപത്യം പ്രഹസനമാക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെയും ഇടതു പക്ഷത്തിന്റെയും പ്രസക്തി തിരിച്ചറിയേണ്ടത്. 2011 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു 72 സീറ്റും എൽ.ഡി.എഫിനു 68 സീറ്റുമാണ് ലഭിച്ചത്. അപ്പുറത്തുള്ള നാല് പേർ ഇടതു പക്ഷവുമായി സഹകരിക്കാൻ തയാറായി മുന്നോട്ടു വരികയും ചെയ്തു. എന്നാൽ മുന്നണിയായി മത്സരിച്ചതിനാൽ ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചത്. കുറുക്കു വഴികളിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മന്ത്രിസഭ രൂപീകരിക്കാൻ ഇടതു പക്ഷം ഒരിക്കലും സന്നദ്ധമായിരുന്നില്ല -കേടിയേരി ഓർമിപ്പിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ.ശ്രീമതി ടീച്ചർ, പി.ജയരാജൻ, എം.വി.ഗോവിന്ദൻ മാസ്റ്റർ, കെ.കെ.രാഗേഷ്, കെ.പി.സഹദേവൻ, കെ.വി.സുമേഷ്, നായനാരുടെ പത്‌നി ശാരദ ടീച്ചർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.