കൊല്ലം-സി.പി.ഐ.ക്കെതിരേ സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒന്നിച്ചു മത്സരിച്ച ശൂരനാട് വടക്ക് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സി.പി.ഐ.ക്ക് ഭൂരിപക്ഷം. ഒന്‍പതംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് സി.പി.ഐ. നേടി. സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ കര്‍ഷകക്കൂട്ടായ്മ എന്ന പേരിലാണ് ഇവിടെ മത്സരിച്ചത്. അവര്‍ക്ക് നാല് സീറ്റും ലഭിച്ചു.
സി.രാജേഷ്‌കുമാര്‍, ആര്‍.ബിന്ദു, ഒ.ഷീജ, കെ.ദിവ്യ, വി.പൊന്നപ്പന്‍ എന്നിവരാണ് സി.പി.ഐ. പാനലില്‍ വിജയിച്ചവര്‍. ശശിധരന്‍ നായര്‍, ജയപ്രഭ, പത്മനാഭക്കുറുപ്പ്, കെ.അനില്‍കുമാര്‍ എന്നിവരാണ് കര്‍ഷകക്കൂട്ടായ്മയില്‍ വിജയിച്ചത്. സി.പി.ഐ.ക്കെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ മത്സരിച്ചത് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മത്സരരംഗത്തുണ്ടായിരുന്ന രണ്ട് സി.പി.എം. പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സി.പി.എം.സി.പി.ഐ. നിയന്ത്രണത്തിലായിരുന്ന ക്ഷീരസംഘത്തില്‍ നിയമനവിവാദവും അഴിമതി ആരോപണവും ഉയര്‍ന്നതോടെ ഭരണം നഷ്ടമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ്.