അങ്കമാലി-നായത്തോട് സ്ത്രീ വികസന കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവര്‍ കമ്പനികളുടെ ബാറ്ററി ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ 2.45 ഓടെ തീപിടുത്തമുണ്ടായി. നിരവധി ബാറ്ററികളും, ലാപ് ടോപ്പ്, മൊബൈലുകള്‍, വിലപിടിപ്പുള്ള രേഖകള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവ കത്തി നശിച്ചു. തീ ആളിപടര്‍ന്നതിനാല്‍ ജനല്‍ ചില്ലുകളും, വാതിലുകളും, വൈദ്യുതി മീറ്ററുകളും കത്തി കരിഞ്ഞ നിലയിലാണ്. വീട്ടില്‍ മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും പുകയുടെ മണം ലഭിച്ചതിനെ തുടര്‍ന്ന് ഓടിമാറിയതിനാല്‍ ആളപായമില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ അങ്കമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സ്റ്റേഷന്‍ ഓഫീസര്‍ ഡി ബിന്‍ കെ എസ് ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സോമന്‍ എന്‍ കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി തീ അണക്കാന്‍ നേതൃത്വം നല്‍കിയത്. നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി.