ഹൈദരാബാദ് - ഒന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിന്റെ പ്ലേഓഫിൽ കടന്നു. രാജസ്ഥാൻ റോയൽസിനോട് തോറ്റതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു. അവശേഷിച്ച ഒരു പ്ലേഓഫ് സ്ഥാനത്തിന് മൂന്ന് ടീമുകൾ രംഗത്തുണ്ട്. രാജസ്ഥാനും മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്‌സ് ഇലവനും.
രാജസ്ഥാന്റെ മത്സരങ്ങൾ അവസാനിച്ചു. അവർ പ്ലേഓഫിലെത്തണമെങ്കിൽ മുംബൈ ഇന്ന് ദൽഹി ഡെയർഡെവിൾസിനോട് തോൽക്കണം. കൂടാതെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പഞ്ചാബ് കിംഗ്‌സ് ഇലവൻ വൻ മാർജിനിൽ തോൽപിക്കാനും പാടില്ല. മുംബൈ തോറ്റാലേ പഞ്ചാബിനും സാധ്യതയുള്ളൂ. എങ്കിൽ 53 റൺസ് വ്യത്യാസത്തിൽ ചെന്നൈയെ തോൽപിച്ചാൽ അവർക്ക് പ്ലേഓഫിലെത്താം. മുംബൈക്ക് ദൽഹിക്കെതിരായ മത്സരം ക്വാർട്ടർ ഫൈനലാണ്. ജയിച്ചാൽ പ്ലേഓഫ് കാണാം.