ഹൈദരാബാദ് - വൻ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഒമ്പതിന് 172 ലൊതുക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിലെ നിർണായകമായ തങ്ങളുടെ അവസാന മത്സരം ജയിച്ചത്. പിന്നീട് ഓപണർമാരായ ക്രിസ് ലിന്നും (43 പന്തിൽ 55) സുനിൽ നരേനും (10 പന്തിൽ 29) നൽകിയ കിടിലൻ തുടക്കത്തിനു ശേഷം അൽപം മുടന്തിയാണെങ്കിലും അവർ വിജയത്തിലേക്ക് വഴി കണ്ടു. സ്‌കോർ: ഹൈദരാബാദ് ഒമ്പതിന് 172, കൊൽക്കത്ത 19.2 ഓവറിൽ അഞ്ചിന് 173.
ഓപണർ ശിഖർ ധവാനും (39 പന്തിൽ 50) ഒപ്പം ഓപൺ ചെയ്ത ശ്രീവൽസ് ഗോസ്വാമിയും (26 പന്തിൽ 35) ക്യാപ്റ്റൻ കെയ്ൻ വില്യംസനും (17 പന്തിൽ 36) ഹൈദരാബാദിന് നല്ല അടിത്തറയിട്ടതായിരുന്നു. ആറോവറിൽ വിക്കറ്റ് പോവാതെ സ്‌കോർ 60 ലെത്തി. എന്നാൽ അവരുടെ മധ്യനിര പൂർണമായി പരാജയപ്പെട്ടു. മനീഷ് പാണ്ഡെക്കും (22 പന്തിൽ 25) കാർലോസ് ബ്രാത്‌വൈറ്റിനുമൊന്നും (3) ടീമിന് അവസാന കുതിപ്പ് നൽകാനായില്ല. അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റെടുത്തു. 30 റൺസിന് പ്രസിദ്ധിന് നാലു വിക്കറ്റ് കിട്ടി. ആന്ദ്രെ റസ്സൽ പത്തൊമ്പതാം ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ബ്രാത്‌വൈറ്റിനെ പുറത്താക്കി. സ്പിന്നർമാരായ കുൽദീപ് യാദവ് (1-35), സുനിൽ നരേൻ (1-23), ജോവാൻ സേൾസ് (1-24) എന്നിവരും റൺസ് പിശുക്കി.
മറുപടിയായി ലിന്നും നരേനും ആഞ്ഞടിച്ചപ്പോൾ അഞ്ചോവറിൽ 60 റൺസും പതിനൊന്നോവറിൽ നൂറ് റൺസും പിന്നിട്ട് കൊൽക്കത്ത കുതിച്ചു. പിന്നീട് ഹൈദരാബാദ് ബൗളർമാർ പിടിമുറുക്കിയെങ്കിലും റോബിൻ ഉത്തപ്പയും (34 പന്തിൽ 45) ക്യാപ്റ്റൻ ദിനേശ് കാർത്തികും (22 പന്തിൽ 26 നോട്ടൗട്ട്) രണ്ട് പന്ത് ശേഷിക്കെ ടീമിനെ ലക്ഷ്യം കടത്തി. ആദ്യ സ്‌പെല്ലിൽ റാഷിദ് ഖാനും (3-0-16-0) സിദ്ധാർഥ് കൗളും (3-0-18-1) കൊൽക്കത്ത ബാറ്റ്‌സ്മാന്മാർക്ക് വലിയ സ്വാതന്ത്ര്യം നൽകിയില്ല. ഭുവനേശ്വർകുമാർ നിരാശപ്പെടുത്തി.