കോഴിക്കോട്- ഐഎന്‍എല്‍ ദേശീയ പ്രസിഡന്റായി പ്രഫ. മുഹമ്മദ് സുലൈമനും ജനറല്‍ സെക്രട്ടറിയായി അഹമ്മദ് ദേവര്‍കോവിലും തുടരും.
മൂന്ന് ദിവസമായി കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എ. അമീന്‍ ആണ് ട്രഷറര്‍. കെ.എസ്. ഫക്രുദ്ദീന്‍ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് അഞ്ച് പേരാണ് ദേശീയ എക്‌സിക്യൂട്ടീവില്‍ ഇടം പിടിച്ചത്. കാസിം ഇരിക്കൂര്‍, എം.എം. മാഹിന്‍, കുഞ്ഞാവുട്ടി ഖാദര്‍, അന്‍വര്‍ സാദത്ത്, എം.എ. ലത്തീഫ് എന്നിവരെയാണ് ദേശീയ എക്‌സ്‌ക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച
ഉച്ചയോടെയാണ് ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഐഎന്‍എല്‍ ഭാരവാഹികളെ തീരുമാനിച്ചതും ഭാവി പരിപാടികളെ കുറിച്ച് ധാരണയിലായതും. യോഗം ഐകകഠ്യേനയാണ് ദേശീയ നേതാക്കളെ വീണ്ടും തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഐഎന്‍എല്ലിന്റെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്ന് 10 പേരടക്കം 12 സംസ്ഥാനങ്ങളില്‍നിന്നായി 65 പ്രതിനിധികളാണ് കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളത്തില്‍ പങ്കെടുത്തത്.