Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡോയുമായി കരാര്‍; ആഘോഷമാക്കി അല്‍നസ്ര്‍ ആരാധകര്‍

റിയാദ് - റൊണാള്‍ഡോയുമായി കരാര്‍ ഒപ്പുവെച്ചത് സൗദിയിലെങ്ങും അല്‍നസ്ര്‍ ക്ലബ്ബ് ആരാധകര്‍ ആഘോഷിച്ചു. തങ്ങളുടെ ഇഷ്ട ക്ലബ്ബ് ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ താരവുമായി കരാര്‍ ഒപ്പുവെച്ചതില്‍ ക്ലബ്ബ് ആരാധകര്‍ ആവേശത്തിലാണ്. റൊണാള്‍ഡോയുമായി കരാര്‍ ഒപ്പുവെച്ചത് ഔദ്യോഗികമായി അറിയിക്കുന്ന അല്‍നസ്ര്‍ ക്ലബ്ബിന്റെ ട്വീറ്റ് വളരെ കുറഞ്ഞ സമയത്തിനകം ട്രെന്‍ഡ് ആയി മാറി. ഒരു മണിക്കൂറിനകം രണ്ടു കോടിയിലേറെ പേര്‍ ട്വീറ്റ് വീക്ഷിച്ചു. ഒരു മണിക്കൂറിനകം ഇതിന് 1,80,000 ലേറെ ലൈക്കും 75,000 ലേറെ കമന്റുകളും 83,000 ലേറെ റീട്വീറ്റുകളും ലഭിച്ചു.
സൗദി മീഡിയ കമ്പനിയുടെ പിന്തുണയോടെയാണ് അല്‍നസ്ര്‍ ക്ലബ്ബ് പോര്‍ച്ചുഗല്‍ താരവുമായി കരാര്‍ ഒപ്പുവെച്ചത്. സൗദിയിലെ വന്‍കിട കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രാമുകളിലൂടെയും റൊണാള്‍ഡോയുടെ കരാര്‍ വിപണനം ചെയ്യാന്‍ സൗദി മീഡിയ കമ്പനി പ്രവര്‍ത്തിക്കുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വലീദ് അല്‍ഫറാജ് പറഞ്ഞു. സൗദി മീഡിയ കമ്പനിയുമായും മറ്റു സ്‌പോണ്‍സര്‍മാരുമായും സഹകരിച്ചാണ് റൊണാള്‍ഡോയുമായി ഭീമമായ തുകയുടെ കരാര്‍ അല്‍നസ്ര്‍ ക്ലബ്ബ് ഒപ്പുവെച്ചത്. ഈ കരാര്‍ ഏറെ സാമ്പത്തിക നേട്ടം ലഭിക്കുന്ന നിലക്ക് പ്രയോജനപ്പെടുത്താന്‍ അല്‍നസ്ര്‍ ക്ലബ്ബിനും സൗദി മീഡിയ കമ്പനിക്കും സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വലീദ് അല്‍ഫറാജ് പറഞ്ഞു.
അല്‍ക്ലബ്ബിനു വേണ്ടി ജനുവരി 21 ന് ആയിരിക്കും റൊണാള്‍ഡോ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ അല്‍ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന കളിയില്‍ അല്‍നസ്ര്‍ ക്ലബ്ബിനു വേണ്ടി റൊണാള്‍ഡോ ബൂട്ടണിയും. കഴിഞ്ഞ ഏപ്രിലില്‍ എവര്‍ട്ടന്‍ ആരാധകനായ കുട്ടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചതിന് ഫുട്‌ബോള്‍ അച്ചടക്ക സമിതി താരത്തെ രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കിയതിനാല്‍ അല്‍നസ്ര്‍ ക്ലബ്ബിന്റെ ആദ്യ രണ്ടു കളികളില്‍ റൊണാള്‍ഡോക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.
എന്നാല്‍ ഈയാഴ്ച മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന വമ്പന്‍ ചടങ്ങില്‍ വെച്ച് അല്‍നസ്ര്‍ ക്ലബ്ബ് ആരാധകര്‍ക്കു മുന്നില്‍ റൊണാള്‍ഡോയെ  പരിചയപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അല്‍നസ്ര്‍ ക്ലബ്ബും റൊണാള്‍ഡൊയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇന്‍സ്റ്റഗ്രാമിലെ അല്‍നസ്ര്‍ ക്ലബ്ബ് അക്കൗണ്ട് റൊണാള്‍ഡോ ഫോളോ ചെയ്യാന്‍ തുടങ്ങി.

 

 

Latest News