Sorry, you need to enable JavaScript to visit this website.

റൊണാൾഡോ മാത്രമല്ല, സൗദിയിലേക്ക് കൂടുതൽ മിന്നും താരങ്ങളെത്തും, പിന്തുണയുമായി മന്ത്രി

റിയാദ്- അൽ നസ്ർ ക്ലബ്ബുമായി ക്രിസ്റ്റിയാനോ റൊണാൾഡോ ഏറ്റവും വലിയ കരാർ ഒപ്പുവെച്ചതിലൂടെ സൗദി ഫുട്‌ബോൾ പ്രവേശിക്കുന്നത് പുതുയുഗത്തിലേക്ക്. ക്രിസ്റ്റ്യാനോയെ നസ്ർ ക്ലബ്ബിലേക്ക് എത്തിച്ചതിന് പുറമെ, മറ്റു ക്ലബ്ബുകളിലേക്കും സൂപ്പർ താരങ്ങളെ എത്തിക്കും. സൗദി ഗവൺമെന്റിന്റെ സഹായം ഇക്കാര്യത്തിൽ ലഭിക്കുമെന്ന് കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.
റൊണാൾഡോയുമായുള്ള അൽ നസ്ർ ക്ലബ്ബിന്റെ കരാറിനെ കായിക മന്ത്രി സ്വാഗതം ചെയ്തു. 2025 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ ഡീലിൽ ക്രിസ്റ്റിയാനോ റൊണാൾഡോ അൽ നസ്‌റിൽ എത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ സൗദി അറേബ്യയിൽ തന്റെ പുതിയ കരിയർ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി തന്റെ ഔദ്യോഗിക പേജിൽ പറഞ്ഞു.
അന്താരാഷ്ട്ര താരങ്ങളെ സൗദിയിലെ ബാക്കി ക്ലബ്ബുകളിലേക്ക് ഉടൻ എത്തിക്കുമെന്നും മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരൻ കൂട്ടിച്ചേർത്തു. അൽ നസ്ർ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മുസ്ലി അൽ മുഅമ്മറാണ് 2025 വരെ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ ഒപ്പിട്ടത്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വച്ചാണ് കരാർ ഒപ്പിട്ടതെന്നും താരം ഏഴാം നമ്പർ ധരിക്കുമെന്നും കൂട്ടിച്ചേർത്തു.

Tags

Latest News