ജിദ്ദ - അൽഅന്ദലുസ് ഡിസ്ട്രിക്ടിൽ കിംഗ് അബ്ദുൽ അസീസ് റോഡിൽ ഫലസ്തീൻ, ഹംറാ സ്ട്രീറ്റുകൾ സന്ധിക്കുന്ന ഇന്റർസെക്ഷനുകളിൽ വടക്കു, തെക്കു ദിശയിൽ നിർമിച്ച അടിപ്പാത വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് അടിപ്പാത തുറന്നത്. ജിദ്ദയിൽ ഇന്റർസെക്ഷനുകളിലും പ്രധാന റോഡുകളിലും ഗതാഗതം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കിംഗ് അബ്ദുൽ അസീസ് റോഡിൽ പുതിയ അടിപ്പാത നിർമിച്ചത്. 1,580 മീറ്റർ നീളവും 29 വീതിയുമുള്ള അടിപ്പാതയിൽ ഇരു ഭാഗത്തേക്കും മൂന്നു വീതം ട്രാക്കുകളാണുള്ളത്.
എട്ടു വർഷത്തിനിടെ ജിദ്ദയിൽ പ്രധാന റോഡുകളിൽ 28 അടിപ്പാതകളും മേൽപാലങ്ങളും നഗരസഭ പുതുതായി നിർമിച്ചിട്ടുണ്ട്. വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിനു തൊട്ടുമുമ്പ് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ അടിപ്പാത സന്ദർശിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനും ഡെപ്യൂട്ടി ഗവർണറും കഴിഞ്ഞ മാസം പദ്ധതി പ്രദേശം സന്ദർശിച്ച് ജോലികളുടെ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു.