Sorry, you need to enable JavaScript to visit this website.

തേങ്ങ അങ്ങനെ കൊപ്രയാക്കേണ്ട, ലക്ഷദ്വീപുകാര്‍ക്ക് 17 ദ്വീപുകളില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കൊച്ചി :  ലക്ഷദ്വീപ് നിവാസികള്‍, സ്ഥിരമായി ആള്‍ത്താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് പോകുന്നത് വിലക്കി ലക്ഷദ്വീപ് ഭരണകേന്ദ്രം ഉത്തരവിട്ടു. ആള്‍ത്താമസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കലക്ടറേറ്റില്‍നിന്നുള്ള അനുമതിയില്ലാതെ ദ്വീപുനിവാസികളടക്കം ആരും   കടക്കരുതെന്നാണ് ഉത്തരവ്.

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നിര്‍ദേശപ്രകാരം കലക്ടര്‍ രാകേഷ് മിന്‍ഹാസാണ് വെള്ളിയാഴ്ച വിചിത്ര  ഉത്തരവ് ഇറക്കിയത്. ആള്‍ത്താമസമുള്ള 10 ദ്വീപിലുള്ളവര്‍ക്ക് ഈ 17 ദ്വീപുകളിലും സ്വന്തമായി സ്ഥലമുണ്ട്.  തേങ്ങ ശേഖരിക്കാനും അവ ഉണക്കി കൊപ്രയാക്കി താല്‍ക്കാലിക ഷെഡുകളില്‍ സൂക്ഷിക്കാനുമാണ് ദ്വീപുനിവാസികള്‍ ഇവിടെ പോകാറുള്ളത്. അതാണിപ്പോള്‍ ഭരണകേന്ദ്രം തടഞ്ഞത്.കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ അഡ്മിനിസ്ട്രേറ്റര്‍, വിനോദസഞ്ചാരത്തിന്റെ പേരില്‍ സ്വകാര്യസംരംഭങ്ങള്‍ക്ക് പാട്ടത്തിനു നല്‍കാന്‍ ലക്ഷ്യമിടുന്ന ദ്വീപുകളാണിത്.

ദ്വീപുകാരുടെ കൂട്ടത്തില്‍ ഭീകരവാദികളും കള്ളക്കടത്തുകാരും നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് ദ്വീപ് ഭരണകേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ദ്വീപിലെ ജനങ്ങളെ സംശയനിഴലില്‍ നിര്‍ത്തി സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഉത്തരവ് എന്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് അഡ്മിനിസ്ട്രേഷന്‍ അനുമതിയില്ലാതെ ലക്ഷദ്വീപില്‍ പ്രവേശനമില്ല. അതിനാല്‍ നുഴഞ്ഞുകയറ്റവും സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

 

Latest News