ഇടുക്കി : സ്വന്തം അച്ഛനെതിരെ വലിയ പരാതിയുമായാണ് ഒന്‍പതാം ക്ലാസുകാരന്‍ ഇന്നലെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തിയത്. കാര്യം മറ്റൊന്നുമല്ല, മുത്തശ്ശി തന്ന 300 പോക്കറ്റ് മണി അച്ഛന് കടം കൊടുത്തിരുന്നു. കടം ചോദിക്കാന്‍ അച്ഛന് നൂറ് നാക്കായിരുന്നെങ്കിലും അത് തിരിച്ചു ചോദിക്കുമ്പോഴൊക്കെ തരാമെന്ന് പറയുമെങ്കിലും ഇത് വരെ തിരിച്ചു കിട്ടിയില്ല.
ഒടുവില്‍ നിവ്യത്തികെട്ടാണ് കൂട്ടുകാരുടെ ഉപദേശ പ്രകാരം കുട്ടി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തിയത്. എങ്ങനെയെങ്കിലും 300 രൂപ തിരികെ വാങ്ങിത്തരണമെന്നായിരുന്നു അപേക്ഷ, പക്ഷേ സ്റ്റേഷന്‍ ഓഫീസര്‍ക്ക് മുന്നില്‍ ഒരു നിബന്ധന കൂടി വെച്ചു. അച്ഛന്‍ പാവമാണ്, അതുകൊണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയൊന്നും വേണ്ട. പൈസ എങ്ങനെയെങ്കിലും വാങ്ങിത്തന്നാല്‍ മതി.
എന്താണ് പൈസയ്ക്ക് ഇത്ര അത്യാവശ്യമെന്ന പോലീസുകാരുടെ ചോദ്യത്തിന് തന്റെ ഇഷ്ട നടന്‍ വിജയ്‌യുടെ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍ എന്നായിരുന്നു കുട്ടിയുടെ പെട്ടെന്നുള്ള മറുപടി. ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് പോലീസ് കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒടുവില്‍ ഇന്ന് പ്രശ്‌നം പരിഹരിക്കാമെന്നും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കരുതെന്നും പറഞ്ഞ് പോലീസുകാര്‍ കുട്ടിയെ പറഞ്ഞു വിടുകയായിരുന്നു.