ദുബായ് - യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യം കാണാത്ത കമ്പനികള്‍ക്ക് ഞയാറാഴ്ച മുതല്‍ പ്രതിമാസം 6,000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു. അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്കാണ് സ്വദേശിവല്‍ക്കരണം പാലിക്കാത്തതിന് പിഴ ചുമത്തുക. 2022 അവസാനത്തോടെ വിദഗ്ധ ജോലിയുടെ രണ്ടു ശതമാനമെങ്കിലും സ്വദേശികള്‍ക്ക് നല്‍കാത്ത കമ്പനികള്‍ക്ക് 2023 ജനുവരി മുതല്‍ പ്രതിമാസം 6,000 ദിര്‍ഹം തോതില്‍ പിഴ ചുമത്തുമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആവശ്യമായ ശതമാനം അനുസരിച്ച് ജോലിക്കു വെക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 6,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതം സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തും.
2026 ആകുമ്പോഴേക്കും കമ്പനികള്‍ പത്തു ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കണം. അതുവരെയുള്ള കാലത്ത് നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ജോലിക്കു വെക്കാത്ത ഓരോ സ്വദേശിക്കുമുള്ള പ്രതിമാസ പിഴ 1,000 ദിര്‍ഹം തോതില്‍ ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധിക്കും. ഇതുപ്രകാരം സ്വദേശിവല്‍ക്കരണ വ്യവസ്ഥ പ്രകാരം ജോലിക്കു വെക്കാത്ത ഓരോ ഇമാറാത്തിക്കും പ്രതിമാസം 7,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 84,000 ദിര്‍ഹം തോതില്‍ 2024 ലും പ്രതിമാസം 8,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 96,000 ദിര്‍ഹം വീതം 2025 ലും കമ്പനികള്‍ക്ക് പിഴയായി ചുമത്തും.
യു.എ.ഇയുടെ വികസന പ്രക്രിയയില്‍ സ്വകാര്യ മേഖല ഫലപ്രദമായ പങ്കാളിത്തം കൈവരിക്കണമെന്ന് ഞങ്ങള്‍ ലക്ഷ്യമിടുന്നതായി മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരക്ഷമത, ആകര്‍ഷണം, സ്ഥിരത എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തും. സുപ്രധാന സാമ്പത്തിക മേഖലകളില്‍ സ്വദേശികള്‍ക്ക് നല്ല സ്വാധീനം ചെലുത്താനാകുമെന്ന ഞങ്ങളുടെ വിശ്വാസത്തെയും സ്വകാര്യ മേഖലാ കമ്പനികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തെയും അടിസ്ഥാനമാക്കി സ്വദേശിവല്‍ക്കരണത്തില്‍ സര്‍ക്കാറും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം സജീവമാക്കുന്നത് ഞങ്ങള്‍ തുടരും. തൊഴില്‍ വിപണിയുടെ വൈവിധ്യവല്‍ക്കരണം ശക്തമാക്കാനും ജോലി ചെയ്യാനും ജീവിക്കാനും നിക്ഷേപം നടത്താനും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനം എന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കാനും സ്വദേശിവല്‍ക്കരണം നിയന്ത്രിക്കുന്ന നിയമനിര്‍മാണം സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
2022 ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ നേടാന്‍ കമ്പനികള്‍ സ്വീകരിച്ച നടപടികളെ മന്ത്രാലയം അഭിനന്ദിച്ചു. 2023 ല്‍ കൂടുതല്‍ വലിയ സ്വാധീനത്തിന് സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 2026 വരെയുള്ള കാലത്ത് പ്രതിവര്‍ഷം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ രണ്ടു ശതമാനം തോതില്‍ വര്‍ധിക്കും. വിദഗ്ധ ജീവനക്കാരില്‍ സ്വദേശികളുടെ അനുപാതം പത്തു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
സ്വദേശികളെ പരിശീലിപ്പിക്കുന്നതിലും ജോലിക്കു വെക്കുന്നതിലും ഗുണപരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കമ്പനികള്‍ക്ക് കാറ്റഗറി വണ്‍ കമ്പനിയായി തരംതിരിക്കുന്ന എമിറേറ്റൈസേഷന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബ്ബില്‍ ചേരുന്നത് ഉള്‍പ്പെടെ നഫീസ് പ്രോഗ്രാം ലക്ഷ്യങ്ങള്‍ക്കനുസൃതമായി മന്ത്രാലയം പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കും. ഇത്തരം കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സേവന ഫീസുകളില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കുമെന്നും മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)