- ഇസ്‌ലാമിക ആദർശങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ സൗഹാർദ്ദത്തോടെ കഴിയാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി
കോഴിക്കോട് - ഇന്ത്യയുടെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയെ മാനിക്കാൻ എല്ലാവരും തയ്യാറാവണം. മതവൈവിധ്യങ്ങൾ തകർക്കാൻ ആരെയും അനുവദിക്കരുതെന്നും സ്വപ്‌നനഗരയിലെ സലഫി നഗറിൽ നടന്ന പത്താമത് മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എം.എച്ച് ഇല്യാസ്, ശിഹാബ് തൊടുപുഴ, ആദിൽ അത്വീഫ് സ്വലാഹി, മുസ്തഫ തൻവീർ അൻഫസ് നന്മണ്ട, യഹ്‌യ കാളികാവ് പ്രസംഗിച്ചു.
ഇന്ത്യൻ മതനിരപേക്ഷതയെയും അത് ഉയർത്തുന്ന ജീവിത സാഹചര്യങ്ങളെയും റദ്ദാക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാണിക്കണമെന്ന് ദേശീയ പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ശൈഖ് ഷമീം അഹമ്മദ് ഖാൻ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അൻസാരി, അബ്ദുൽ മുഹീൻ സലഫി ബീഹാർ, അബ്ദുൽ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.
അന്ധവിശ്വാസങ്ങൾക്കും അത്യാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചർച്ച സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾക്ക് കടിഞ്ഞാണിടാൻ നിയമനിർമ്മാണം ഇനിയും വൈകിക്കൂടാ. അന്ധവിശ്വാസങ്ങൾ നരബലിയിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും എത്തുമ്പോൾ അധികാരികൾ മൗനമവലംബിക്കുന്നത് ഗുരുതര കുറ്റമാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ മഹല്ല് തലത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ സെഷനുകളിൽ എം.ഐ മുഹമ്മദലി സുല്ലമി, മുഹമ്മദ് മൗലവി കൊമ്പൻ, ഖുദ്ത്തുള്ള നദ്‌വി, റഷീദ് ഒളവണ്ണ, ഡോ. മിശാൽ സലീം, നാസിം പൂക്കാടഞ്ചേരി, സമദ് റഹ്മാൻ കൂടല്ലൂർ, പി.പി റഷീദ്, ഷൈൻ ഷൌക്കത്തലി, സാലിഷ് വാടാനപ്പള്ളി, ഇ.കെ.എം പന്നൂർ, ഫൈസൽ എളേറ്റിൽ, എ.പി.എം ഖാദർ, ഹമീദ് വഴിക്കടവ് സംസാരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾ പൂർത്തിയാകു ഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥവും ആശയവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സെക്യുലർ കോൺഫറൻസ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഗ്രാമങ്ങളുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികൾ എത്രത്തോളം ലക്ഷ്യം കാണുന്നുവെന്ന് വിശദമായ പഠനം നടത്തണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചരിത്രവും ജീവിതവും പുതു തലമുറക്ക് പാഠമാകാൻ വേണ്ടി പാഠ്യപദ്ധതികളിൽ സ്വാതന്ത്ര്യസമരത്തിന്റെ കൂടുതൽ ഭാഗം ഉൾപ്പെടുത്തണം. സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം വെട്ടിമാറ്റാനുള്ള നീക്കം നന്ദികേടാണെന്നും സമ്മേളനം ഓർമിപ്പിച്ചു.
നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ സെക്യുലർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുസലാം മാസ്റ്റർ അധ്യക്ഷനായി. ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി രാമനുണ്ണി, പി സുരേന്ദ്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ, അബ്ദുറഹ്മാൻ രണ്ടത്താണി, ബഷീർ പട്ടേൽതാഴം, എൻ.കെ.എം സകരിയ്യ, സി.എച്ച് ഇസ്മായിൽ ഫാറൂഖി പ്രസംഗിച്ചു.
വിശാലമായ സമ്മേളന പന്തലിൽ നടന്ന ജുമുഅ നമസ്‌കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഖുതുബ നിർവഹിച്ചു. ഇസ്‌ലാമിക ആദർശങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ സൗഹാർദ്ദത്തോടെ കഴിയാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സഹിഷ്ണുതയും സമാധാനവുമാണ് മതത്തിന്റെ കാതൽ. വിശുദ്ധ ഖുർആനും പ്രവാചക ചര്യയുമനുസരിച്ച് ജീവിതം ക്രമീകരിക്കാനും കൂടുതൽ വിനയാന്വിതരായി, സമൂഹത്തിന്റെ നന്മനിറഞ്ഞ പ്രബോധന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അദ്ദേഹം ഉണർത്തി. വിദ്വേഷവും പകയും ഒരാൾക്കും ഗുണം ചെയ്യില്ല. അത് മതതത്വങ്ങൾക്ക് എതിരുമാണ്. പരസ്പര ബഹുമാനവും ആദരവും ഇതര മതസമൂഹങ്ങളുമായി വെച്ചുപുലർത്താൻ സാധിക്കണമെന്നും രാജ്യത്തെ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങൾ ചവിട്ടി മെതിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരാവണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
സമൂഹത്തിൽ അനുദിനം വർധിക്കുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ലഹരി വിരുദ്ധ സമ്മേളനം ആവശ്യപ്പെട്ടു. ലഹരിയിലൂടെ കവർന്നെടുക്കുന്നത് യുവത്വത്തിന്റെ ബുദ്ധിയും വിവേകവുമാണ്. കാമ്പസുകൾ കേന്ദ്രീകരിച്ച് വളർന്നുവരുന്ന ലഹരി മാഫിയയെ അമർച്ച ചെയ്യണം. മദ്യത്തെ ലഹരിയായി കാണാത്ത ഭരണകൂട സമീപനം തിരുത്തണമെന്നും എല്ലാ ലഹരിക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും നാടിന്റെ നന്മക്ക് വേണ്ടി ജാഗ്രതയോടെ നീങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൽ നിന്ന് യുവത്വത്തെ സംരക്ഷിക്കാൻ ക്രിയാത്മകമായ മുന്നേറ്റം അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.
ശരീരത്തിന് നവോൻമേഷം ലഭിക്കാൻ വേണ്ടിയാണ് കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. എന്നാൽ അത് വിനാശത്തിലേക്കുള്ള സഞ്ചാരമാണ്. മനസ്സിനും ശരീരത്തിനും ആരോഗ്യവും ഉൻമേഷവും പ്രദാനം ചെയ്യുന്ന കലാകായിക രംഗത്തേക്ക് അവരെ കൈപിടിച്ചെത്തിക്കുകയാണ് പരിഹാരം.
നിയമത്തിന്റെ നിരന്തരമായ ഇടപെടലുകളുള്ളതിനാൽ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ ലഹരി വ്യാപനം താരതമ്യേന കുറവാണ്. എങ്കിലും ശക്തമായ ഇടപെടൽ ആനുകാലിക സാഹചര്യത്തിൽ അനിവാര്യമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ലഹരി വിരുദ്ധ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഡോ. ഷക്കീൽ അഹമ്മദ് എം.എൽ.എ ബീഹാർ ഉദ്ഘാടനം ചെയ്തു. സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. ഡോ. ഹൈദരലി കള്ളിയത്ത്, ജലീൽ മാമാങ്കര, അൻസാർ നന്മണ്ട, നാസർ മുണ്ടക്കയം, ഇ.കെ ബലീർ അസ്‌ലം പ്രസംഗിച്ചു.