എടവനക്കാട്ടെവീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു
വ്യാജ തെളിവുണ്ടാക്കിയെന്ന് കുടുംബം
കൊച്ചി- കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഹൈക്കോടതി അഭിഭാഷകന്‍ ആയുധങ്ങളുമായി പിടിയിലായി. വൈപ്പിന്‍ എടവനക്കാട് അഴിവേലിക്കകത്ത് ഇബ്രാഹിംകുട്ടി മകന്‍ എ.ഐ മുഹമ്മദ് മുബാറക്ക് ആണ് അറസ്റ്റിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനം ലഭിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗവും പരിശീലകനുമാണെന്ന് എന്‍ ഐ എ പറയുന്നു. വീട്ടില്‍ എന്‍ഐഎ സംഘം പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെ നടത്തിയ റെയ്ഡില്‍ ബാഡ്മിന്റണ്‍ റാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കൈക്കോടാലി, വാളുകള്‍, അരിവാള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്‍കിയിരുന്നുതായി എന്‍ ഐ എ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളും ഇയാള്‍ വാദിച്ചിരുന്നു. ഇയാളുടെ ഭാര്യയും ഹൈക്കോടതി അഡ്വക്കേറ്റാണ്. അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ യൂണിറ്റ് ആരംഭിച്ചിരുന്നു. 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം വീട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായുള്ള എന്‍ ഐ എയുടെ ആരോപണം മുബാറക്കിന്റെ കുടുംബം നിഷേധിച്ചു. റെയ്ഡ് നടക്കുമ്പോള്‍ മുബാറക്കിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നു. ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത് തങ്ങളാരും കണ്ടിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മുബാറക്കിനെ വ്യാജ തെളിവുണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ആരോപണം.
നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ട് വിവിധ സംസ്ഥാനങ്ങളില്‍ ഹിറ്റ് സ്‌ക്വാഡുകള്‍ നിലനിര്‍ത്തുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയായിരുന്നുവെന്നും ഇതര മതസ്ഥരായ നേതാക്കളും അണികളുമാണ് ഇവരുടെ ലക്ഷ്യമെന്നും കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ ഐ എ ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ മുബാറക്കിനെ റിമാന്‍ഡ് ചെയ്തു.
മുബാറക്കിന്റെ അറസ്‌റ്റോടെ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. കേരളത്തിലെ 56 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം എന്‍ ഐ ഐ റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏഴ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ഏഴ് സോണല്‍ ഭാരവാഹികളുടെയും 15 കായിക പരിശീലകരുടെയും വസതികളിലായിരുന്നു റെയ്ഡ്. കഴിഞ്ഞ സെപ്തംബര്‍ 22ന് എന്‍ ഐ എ കേരളത്തിലെ 24 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം റെയ്ഡ് നടന്ന 56 കേന്ദ്രങ്ങളില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ 27 എണ്ണവും ആയുധപരിശീലകരെ ലക്ഷ്യമിട്ടായിരുന്നു. ഇതുമായി ബന്ധമുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.