കണ്ണൂര്‍ : തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ പങ്കെടുക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇ.പി.ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കി.
നാളത്തെ സംസ്ഥാന സെക്രട്ടറിയറ്റില്‍ കാര്യങ്ങള്‍ വിശദീകരിക്കും. വൈദേകം ആയുര്‍വേദ റിസോര്‍ട്ട് മുന്‍ എം ഡി കെ പി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി.ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇ പിയുടെ പ്രധാന വാദം. ഇതാകും നാളെത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക. മാത്രമല്ലേ നരത്തെ തന്നെ ഉയര്‍ന്ന ആരോപണമാണിതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷിച്ച് തള്ളിയ ആരോപണത്തെ വിവാദമുണ്ടാക്കാനായി വീണ്ടും ഉന്നയിക്കുകയാണെന്നും ഇ.പി ജയരാജന്‍ യോഗത്തില്‍ വിശദീകരിച്ചേക്കും.നാട്ടില്‍ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്നാണ് ഇ പി ജയരാജന്റെ നിലപാട്. ഇതാകും അദ്ദേഹം വ്യക്തമാക്കുക.
മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ലാ ബാങ്കില്‍ നിന്ന് കിട്ടിയ വിരമിക്കല്‍ ആനുകൂല്യങ്ങളും റിസോര്‍ട്ടില്‍ നിക്ഷേപമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ എം ഡിയായിരുന്ന വ്യവസായി കെ പി രമേഷ് കുമാറിനായിരുന്നു റിസോര്‍ട്ടിന്റെ നിര്‍മ്മാണ കാരാര്‍ കൊടുത്തത്. നിര്‍മ്മാണത്തിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് രമേഷ് കുമാറിനെ എം ഡി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ബോര്‍ഡ് അന്വേഷണവും നടത്തുന്നുണ്ടെന്നും ഈ നീക്കത്തിന് പിന്നില്‍ താനാണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് രമേഷ് കുമാര്‍ ചെയ്യുന്നതെന്നുമാണ് ഇ പി ജയരാജന്റെ വാദം.