തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയതെന്ന് ദേശീയ അന്വേഷണ സംഘം. ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടിന്റെ 7 എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. ദില്ലിയില്‍ നിന്നടക്കം എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസും റെയ്ഡില്‍ ഭാഗമായി. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടര്‍ച്ചയായാണ് ഈ റെയ്ഡ് എന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. സെപ്തംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.