മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല.എന്നെ കൊല്ലാന്‍ വന്നാല്‍ വെറുതെ വിടും, പക്ഷേ ഇത് വിടുന്ന പ്രശ്നമില്ല. യു ഡി എഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. കേസ് വിടുന്ന പ്രശനമില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഷുക്കൂര്‍ കൊലപാതകത്തില്‍ ഞങ്ങള്‍ സുപ്രീം കോടതി വരെ പോയതാണ്. അതില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് കേസിന് പിന്നാലെ നടന്നവര്‍ക്ക് കൃത്യമായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താന്‍ ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നില്‍ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു