ജിദ്ദ - ഹജ്, ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ അടുത്ത സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന അൽശുഅ്‌ല കൺസോർഷ്യം വ്യക്തമാക്കി. ദുൽഹജ് അവസാനത്തോടെ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി. തുടക്കത്തിൽ പ്രതിവാരം നാലു സർവീസുകൾ വീതമാണുണ്ടാവുക. 2019 സെപ്റ്റംബറിൽ മക്ക, മദീന നഗരങ്ങൾക്കിടയിൽ പ്രതിദിന സർവീസുകൾ ആരംഭിക്കും. 2016 അവസാനത്തിൽ ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.
ഹറമൈൻ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ നടത്തി ട്രെയിനുകളുടെയും പാളങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതത്വം പൂർണ തോതിൽ ഉറപ്പു വരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. പദ്ധതിയിൽ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനുണ്ടാകും. ഹറമിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ അൽറസീഫ ഡിസ്ട്രിക്ടിലാണ് മക്കയിൽ 5,03,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണ് ഹറമൈൻ ട്രെയിൻ പദ്ധതി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് താങ്ങാൻ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈൻ ട്രെയിൻ പദ്ധതിയിൽ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടുണ്ട്. മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിച്ച് 444 കിലോമീറ്റർ നീളത്തിൽ നിർമാണം പൂർത്തിയാക്കിയ റെയിൽ പാതയിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുള്ള 35 ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുക.