Sorry, you need to enable JavaScript to visit this website.

യുവതി അവഗണിച്ചത് കാരണം; എന്‍ജിനീയറെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

തൃശൂര്‍-പേരാമംഗലം പുറ്റേക്കരയില്‍ യുവ എഞ്ചിനീയര്‍  അരുണ്‍ലാല്‍ (38) കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്. 26ന് രാത്രി 10.30നാണ് ഇയാളെ പുറ്റേക്കര ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.  പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കസന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.
അറസ്റ്റിലായ ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മരിച്ച അരുണ്‍ലാലിന്റെ സ്വഭാവങ്ങള്‍ മനസ്സിലാക്കിയ പോലീസ് സംഘം നഗരത്തിലെ ബാറുകളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവിടെനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ മരിച്ച ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുണ്‍ലാല്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയയാള്‍ പിടിയിലാകുന്നത്.
ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. മരിച്ച അരുണ്‍ലാലിനോട്, പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ എന്നാല്‍  അരുണ്‍ലാല്‍ അയാളെ കളിയാക്കി. പിന്നീട് ഈ യുവതി ടിനുവിനെ കണ്ടതായി ഭാവിക്കാതിരുന്നത്, അരുണ്‍ലാല്‍ കാരണമാണെന്നാണ് ടിനു ധരിച്ചുവെച്ചിരുന്നത്. ഇതുകാരണം ടിനുവിന് അരുണ്‍ലാലിനോട് വൈരാഗ്യം നിലനിന്നിരുന്നു.
കൊലചെയ്യപ്പെട്ട അരുണ്‍ലാലിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയതില്‍ നിന്നാണ് പോലീസിന് പ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞത്. കൊലചെയ്യപ്പെട്ട ദിവസം അരുണ്‍ലാല്‍ മദ്യപിക്കുന്നതിനായി തൃശൂരിലെ ബാറില്‍ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് തൃശൂരിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇയാളുടെ അടുത്തേക്ക് സുഹൃത്ത് ടിനു ബൈക്കിലെത്തുകയും വീട്ടിലേക്ക് കൊണ്ടുചെന്നാക്കാം എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ ബൈക്കില്‍ കയറിപ്പോയ അരുണ്‍ലാലിനെ, അയാളുടെ വീട് എത്തുന്നതിനുമുമ്പേ റോഡില്‍ ഇറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിലത്ത് വീണ അയാളെ തലയിലും മുഖത്തും കാലുകൊണ്ട് ചവിട്ടുകയും, ഇതിനെത്തുടര്‍ന്ന് താടിയെല്ലും മൂക്കിന്റെ എല്ലും, കഴുത്തിലെ കശേരുക്കളും പൊട്ടുകയുണ്ടായി. ഇതിനിടയില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

പേരാമംഗലം എസ്എച്ച്ഒ വി. അശോക കുമാര്‍ വി, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രമിന്‍, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സിപിഓ മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News