Sorry, you need to enable JavaScript to visit this website.

സ്‌കൂൾ കലോത്സവത്തിന് മാസ്‌ക് നിർബന്ധം; എ ഗ്രേഡിന് 1000 രൂപ സ്‌കോളർഷിപ്പ്

- കുട്ടികൾ മത്സരിക്കട്ടെ, രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട് - ജനുവരി മൂന്ന് മുതൽ കോഴിക്കോട്ട് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്‌കും സാനിറ്റൈസറുമുണ്ടെന്ന് നിർബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. 
 ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11നും മറ്റു ദിവസങ്ങളിൽ രാവിലെ 9നുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. 
14000 പേർ കലോത്സവത്തിൽ പങ്കെടുക്കും. കോടതി അപ്പീൽ വഴി വരുന്നവർ ഇതിനു പുറമേയായിരിക്കും. സംസ്‌കൃതോത്സവവും അറബിക് കലോസവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്‌കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വർധിപ്പിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധി കർത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. പരാതികൾ സ്വാഭാവികമായും ഉണ്ടാകാം. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങ് ഉണ്ടാകും. അപ്പീൽ വന്നാൽ സ്വീകരിക്കും. കുട്ടികൾ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി ഓർമിപ്പിച്ചു.
 മത്സര ഫലങ്ങൾ വേദിക്ക് അരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉണ്ടാകും. രജിസ്‌ട്രേഷൻ ജനുവരി രണ്ടിന് തുടങ്ങും. ഗവ. മോഡൽ സ്‌കൂളാണ് രജിസ്‌ടേഷൻ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടറുണ്ടാവും. അവിടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. കലാകാരൻമാർക്ക് യാത്രാസൗകര്യത്തിനായി 30 കലോത്സവ വണ്ടി സജ്ജീകരിക്കും. അഞ്ചുദിവസത്തെ മേളക്കുള്ള എല്ലാവിധ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂർത്തിയാകും. മത്സര വേദികളിൽ റൂട്ട് മാപ്പ് പ്രദർശിപ്പിക്കും. ഭക്ഷണശാല മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജീകരിച്ചിട്ടുളളത്. ഒരേസമയം 2000 പേർക്ക് കഴിക്കാൻ സൗകര്യമുണ്ടാവുമെന്നും സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
 

Latest News